ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടർ വില 993 രൂപ വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില വർധനവിന് സാധ്യത.
ഇന്ധന വില ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ചു രൂപ വരെ വർധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഗാർഹിക എല്‍പിജി വിലയിലും വർധനവുണ്ടായേക്കും. സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെയാകും വർധനയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകള്‍.
രാജ്യത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വർധനയുണ്ടായിട്ടും വില വർധന നടപ്പാക്കാത്ത സാചര്യത്തിലാണ് ഇന്ധനവില വർധനയ്ക്കുള്ള കളമൊരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാകും രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം വരുന്നത്. സമീപഭാവിയില്‍ പെട്രോള്‍ - ഡീസല്‍ വിലയില്‍ വർധനവ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ വെള്ളിയാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര ഊർജ ചെലവ് കുതിച്ചുയർന്നിട്ടും പെട്രോള്‍ - ഡീസല്‍ വിലയും ഗാർഹിക എല്‍പിജി നിരക്കുകളും വർധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ ഓയില്‍ കോർപറേഷൻ (ഐഒസി) വ്യക്തമാക്കി. ഈ ആഴ്ച അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 126 യുഎസ് ഡോളറായി ഉയർന്നെങ്കിലും പിന്നീട് നേരിയ കുറവ് സംഭവിച്ചു. ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ബാരലിന് 110 യുഎസ് ഡോളറിന് മുകളിലായി തുടർന്നു. കഴിഞ്ഞ വർഷം ബാരലിന് 70 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയില്‍ ഈ മാസം ശരാശരി 114 യുഎസ് ഡോളറിലധികം എത്തി.
നിലവിലെ ചെലവ് കണക്കിലെടുത്ത് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി, വ്യാവസായിക ഡീസല്‍, 5 കിലോഗ്രാം എല്‍പിജി, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് വില്‍ക്കുന്ന ജെറ്റ് ഇന്ധനം എന്നിവയുടെ വില വർധിപ്പിച്ചിരുന്നു.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുതിച്ചുയർന്നത്. ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ കൈമാറ്റം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാൻ്റെ നടപടികളാണ് സാഹചര്യം ദുർബലമാക്കിയത്. ഗള്‍ഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുകയും ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കൈകാര്യം ചെയ്യുന്നത് ഹോർമുസ് ആണ്.

