Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിനെതിരായ ആക്രമണം; പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിനെതിരായ ആക്രമണം; പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍

Samayam Malayalam 2 weeks ago

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.

സംഭവസ്ഥലത്ത് വേണ്ടത്ര പോലീസ് സന്നാഹം ഉണ്ടായെന്ന് ഡിജിപി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറിന് മുകളില്‍ പോലീസുകാർ പ്രതിഷേധം ആരംഭിക്കുന്ന ഘട്ടം മുതല്‍ സ്ഥലത്തുണ്ടായിരുന്നു. കേസില്‍ ഇതിനകം തന്നെ 8 പേരെ അറസ്റ്റ് ചെയ്തെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ കർശനമായ നടപടി സ്വീകരിക്കണം എന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശം അതനുസരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ റെയ്ഡിനെ സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചിരുന്നില്ല. അറിഞ്ഞ ഉടൻതന്നെ ആവശ്യത്തിന് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

'ഇഡി റെയ്ഡ് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തോടെയാണ് നടന്നത്. റെയ്ഡ് തുടങ്ങിയ ശേഷമാണ് പോലീസിന് ഇതിനെപ്പറ്റി അറിയാൻ സാധിച്ചത്. ഉടൻതന്നെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിഷേധം നടന്നിരുന്ന പല സ്ഥലങ്ങളിലേക്കായി 300 ലധികം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇന്നലെ ആക്രമണം നടന്ന സ്ഥലത്ത് 50 ഓളം പോലീസുകാർ ഉണ്ടായിരുന്നു.' ഡിജിപി പറഞ്ഞു.

കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടനെ ലഭിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചിരുന്നു. ഇൻ്റലിജന്‍സ് എഡിജിപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡിജിപിയെ വിളിപ്പിച്ചത്.

തിരുവനന്തപുരത്ത് എട്ടുമണിക്കൂർ നീണ്ട റെയ്ഡിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണമുണ്ടായത്. വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും പോലീസുകാർ ഇരുവശത്തേക്കും മാറിനില്‍ക്കുകയിരുന്നു. കേസില്‍ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് അറസ്റ്റില്‍.

അതേസമയെ അക്രമത്തില്‍ പോലീസിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. അക്രമ സംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയാണ്. വീണ വിജയൻ്റെ വീട്ടില്‍ റെയ്ഡ് നടന്ന് എഴ് മണിക്കൂർ കഴിഞ്ഞാണ് അക്രമം ഉണ്ടാകുന്നത്. അത് തടയാൻ കഴിയാഞ്ഞത് ഗുരുതര വീഴ്ചയാണ്. ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam