ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര വരാൻ പോവുകയാണ്. ഏഷ്യൻ ഗെയിംസിന് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ അഫ്ഗാൻ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാൻ പോകുന്നത്.
തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിന് മുമ്പ് കരുത്തുകാട്ടാനുള്ള അവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ നിസാരക്കാരുടെ നിരയാണെന്ന് പറയാനാവില്ല.
വിവിധ ടി20 ലീഗുകള്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാതെ ജയിക്കാൻ സാധിക്കില്ലെന്ന് നിസംശയം പറയാം. റാഷിദ് ഖാനും നൂർ അഹമ്മദും എല്ലാം ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാൻ നിരയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളവർ ആരൊക്കെയാണെന്ന് നോക്കാം.
നിലവിലെ ഇന്ത്യൻ ടി20 താരങ്ങളില്‍ അഫ്ഗാനിസ്ഥാനെതിരേ ടി20 കളിച്ചവർ വളരെ വിരളമാണെന്ന് പറയാം. ശിവം ദുബെയാണ് നിലവിലെ ഇന്ത്യൻ താരങ്ങളില്‍ അഫ്ഗാനിസ്ഥാനെതിരേ മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് 134 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. രണ്ട് അർധ സെഞ്ചുറി പ്രകടനങ്ങള്‍ അഫ്ഗാനിസ്ഥാനെതിരേ നടത്താൻ ദുബെക്ക് സാധിച്ചിട്ടുണ്ട്.
റിങ്കു സിങ്ങാണ് മറ്റൊരു താരം. നാല് മത്സരങ്ങളില്‍ നിന്ന് 94 റണ്‍സാണ് റിങ്കു നേടിയത്. ഒരു അർധ സെഞ്ചുറിയും റിങ്കുവിന്റെ പേരിലുണ്ട്. ഫിനിഷർ റോളില്‍ മികച്ച റെക്കോഡുള്ള റിങ്കുവിന് ഇന്ത്യൻ ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. യശ്വസി ജയ്സ്വാള്‍ മൂന്ന് മത്സരത്തില്‍ നിന്ന് 72 റണ്‍സാണ് നേടിയത്. എന്നാല്‍ ജയ്സ്വാള്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാൻ സാധ്യതയില്ല.
സൂപ്പർ ഓപ്പണറായ ജയ്സ്വാളിന് ടി20യില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഇന്ത്യ ടീമിലേക്ക് താരത്തെ പരിഗണിക്കുന്നില്ല. ഹാർദിക് പാണ്ഡ്യ രണ്ട് മത്സരത്തില്‍ നിന്ന് 67 റണ്‍സാണ് നേടിയിട്ടുള്ളത്. സഞ്ജു സാംസണ്‍ അഫ്ഗാനിസ്ഥാനെതിരേ ഒരു മത്സരമാണ് കളിച്ചത്. ഈ മത്സരത്തില്‍ ഗോള്‍ഡൻ ഡക്കായാണ് പുറത്തായത്.
ഇന്ത്യൻ താരങ്ങളില്‍ വിരാട് കോഹ്ലിയാണ് തലപ്പത്തുള്ളത്. ആറ് മത്സരങ്ങളില്‍ 225 റണ്‍സാണ് കോഹ്ലി അഫ്ഗാനിസ്ഥാനെതിരേ നേടിയത്. കോഹ്ലിയുടെ ഏക അന്താരാഷ്ട്ര ടി20 സെഞ്ചുറി അഫ്ഗാനിസ്ഥാനെതിരേയാണ്. രോഹിത് ശർമ ആറ് മത്സരത്തില്‍ നിന്ന് 204 റണ്‍സും നേടിയിട്ടുണ്ട്. ഈ രണ്ട് ഇതിഹാസങ്ങളും ഇതിനോടകം ടി2യില്‍ നിന്ന് വിരമിച്ചു.
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാർ
അഫ്ഗാനിസ്ഥാൻ താരങ്ങളില്‍ ഗുല്‍ബാദിൻ നയ്ബ് ഏഴ് മത്സരങ്ങളില്‍ നിന്ന് 179 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് നബി എട്ട് മത്സരത്തില്‍ നിന്ന് 177 റണ്‍സാണ് നബിയുടെ സമ്പാദ്യം. ഇബ്രാഹിം സദ്രാൻ അഞ്ച് മത്സരത്തില്‍ നിന്ന് 155 റണ്‍സും ഇന്ത്യക്കെതിരേ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ പല താരങ്ങള്‍ക്കും അഫ്ഗാനിസ്ഥാൻ പരമ്പര അഗ്നിപരീക്ഷ തന്നെയായിരിക്കും. സഞ്ജു സാംസണും വെെഭവ് സൂര്യവംശിക്കുമെല്ലാം മികവ് കാട്ടേണ്ടതായുണ്ട്. ശ്രേയസ് അയ്യർക്ക് ക്യാപ്റ്റനെന്ന നിലയില്‍ പരമ്പര തൂത്തുവാരുന്നതോടൊപ്പം ബാറ്റുകൊണ്ടും മികവ് കാട്ടേണ്ടതായുണ്ട്. എന്തായാലും അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

