ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാൻ പോവുകയാണ്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരം കഴിയുമ്പോള്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്.
ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് അനായാസ ജയമാണ് സ്വന്തമാക്കിയത്. മൂന്നാം മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയാണ് ഇത്തരത്തില്‍ തകർന്നടിഞ്ഞത്. ശ്രേയസ് അയ്യർ നായകനായ ശേഷം ഇന്ത്യ കളിച്ച അഞ്ച് മത്സരത്തിലും ജയം നേടാൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ നാലാം മത്സരം എന്തുകൊണ്ടും ശ്രേയസ് അയ്യർക്കും പരിശീലകന്മാർക്കും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തി ശക്തമായ തിരിച്ചുവരാൻ ശ്രമിക്കുമെന്നുറപ്പ്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ എന്ത് മാറ്റമാവും ഉണ്ടാവുക?. സാധ്യതാ പ്ലേയിങ് ഇലവൻ പരിശോധിക്കാം.
ഓപ്പണർ റോളില്‍ അഭിഷേക് ശർമക്കൊപ്പം സഞ്ജു സാംസണ്‍ തിരിച്ചെത്തിയേക്കും. മോശം ഫോമിലായതിന് പിന്നാലെയാണ് സഞ്ജുവിനെ ഇന്ത്യ തഴഞ്ഞത്. അവസാന മൂന്ന് മത്സരത്തില്‍ 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ തഴഞ്ഞ് പകരം വെെഭവ് സൂര്യവംശിയെ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ വെെഭവിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.
ഈ സാഹചര്യത്തില്‍ ഇന്ത്യ വെെഭവിനെ പുറത്തിരുത്തി സഞ്ജുവിനെ വീണ്ടും ഓപ്പണർ റോളിലേക്ക് വിളിച്ചേക്കും. സഞ്ജു ഇന്ത്യൻ ടീമിന് പുറത്തായി നില്‍ക്കുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ പ്രകടനം നിർണ്ണായകമായിരിക്കും. ഫോം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചാല്‍ അത് ഇന്ത്യൻ ടീമിനാകെ തിരിച്ചുവരാനുള്ള ഊർജ്ജമായി മാറുമെന്ന കാര്യം ഉറപ്പാണ്.
ഇഷാൻ കിഷൻ മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ നാലാം നമ്പറില്‍ നായകൻ ശ്രേയസ് അയ്യരുണ്ടാവും. അഞ്ചാം നമ്പറില്‍ തിലക് വർമയും ആറാം നമ്പറില്‍ ശിവം ദുബെയും ഇറങ്ങുമ്പോള്‍ അക്ഷർ പട്ടേലിന് സീറ്റ് നഷ്ടമായേക്കും. പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനാണ് സാധ്യത. ഹർഷിത് റാണ പേസ് ഓള്‍റൗണ്ടറായി കളിക്കുമ്പോള്‍ അർഷ്ദീപ് സിങ്ങും പ്രിൻസ് യാദവും സ്പെഷ്യലിസ്റ്റ് പേസർമാരായി ടീമില്‍ തുടരാനാണ് സാധ്യത.
ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഫോമിലേക്കെത്താത്തതാണ് പ്രശ്നം. സഞ്ജു-അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ട് ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ തീരും. എന്നാല്‍ സഞ്ജുവിന് ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നാലാം മത്സരത്തിലും തോറ്റാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യരുടെ നിലനില്‍പ്പിന്റെ പ്രശ്നമായി അത് മാറും.
IND vs ENG T20: 'ശ്രേയസ്' നഷ്ടപ്പെട്ട് ഇന്ത്യ, എവിടെയാണ് ടീമിന് പിഴക്കുന്നത്? സെലക്ടർമാരാണ് വില്ലന്മാർ, ടീമിനെ തകർത്ത് ഈ തീരുമാനങ്ങള്‍
പരിശീലകൻ ഗൗതം ഗംഭീറിനെതിരേയും വിമർശനം കടുക്കും. അതുകൊണ്ടുതന്നെ ജയിക്കാൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇത് ഫലം കാണുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യക്ക് നാലാം മത്സരം ജീവൻ മരണ പോരാട്ടമാണെന്ന് തന്നെ പറയാം.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വരുണ്‍ ചക്രവർത്തി.

