ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പല കാരണങ്ങളാല്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. സമീപകാലത്തെ ടെസ്റ്റിലെ മോശം പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരകൂടി കെെവിട്ടാല്‍ പരിശീലകന്റെ സീറ്റടക്കം തെറിച്ചേക്കും.
അതുകൊണ്ടുതന്നെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്.
ഇന്ത്യയുടെ പല താരങ്ങള്‍ക്കും ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിലെ പ്രകടനം നിർണ്ണായകമാണ്. ഇതില്‍ ഋഷഭ് പന്തും ഉള്‍പ്പെടും. ഇന്ത്യക്കായി ടെസ്റ്റില്‍ തകർപ്പൻ പ്രകടനം നടത്താൻ ഋഷഭ് പന്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ ഋഷഭിന് ഈ പരമ്പരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ ടീമിലെ സ്ഥാനത്തെയത് ബാധിച്ചേക്കും.
ഇപ്പോഴിതാ ഋഷഭ് പന്ത് ശ്രീലങ്കൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി എംഎസ് ധോണിക്കൊപ്പം പരിശീലനം നടത്തുന്നുവെന്ന തരത്തിലുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. ജിമ്മില്‍ നിന്നുള്ള ധോണിയുടേയും ഋഷഭിന്റേയും ചിത്രം ഷഹബാസ് നദീമാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതില്‍ ഋഷഭ് ജിമ്മില്‍ പരിശീലനം നടത്തുന്ന വേഷത്തിലാണുള്ളത്. അതേ സമയം ധോണിയും നദീമും ഋഷഭിനെ കാണാനായെത്തിയതാണെന്നാണ് ചിത്രം കാണുമ്പോള്‍ തോന്നുന്നത്.
ഋഷഭും ധോണിയും അടുത്ത സുഹൃത്തുക്കളാണ്. ഋഷഭ് ഇടക്കിടെ ധോണിയെ കാണാൻ പോകാറുമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ സ്വാഭാവികമായുള്ള കൂടിക്കാഴ്ച മാത്രമാണിതെന്ന് കരുതാം. ധോണിയുടെ നിർണ്ണായക ഉപദേശങ്ങള്‍ ഋഷഭ് ചോദിക്കാനുള്ള സാധ്യതയുമുണ്ട്. കാരണം സമീപകാലത്തായി ഋഷഭിന്റെ പ്രകടനവും ഫിറ്റ്നസും മോശമാണ്.
അമിത ശരീര ഭാരം ഋഷഭിനുണ്ടെന്ന് തോന്നിപ്പിക്കുന്നുണ്ട്. ഇത് ഷോട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുമുണ്ട്. ഋഷഭിന്റെ സമീപകാലത്തെ ഷോട്ട് തിരഞ്ഞെടുപ്പും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച് പരിശീലകൻ ഗൗതം ഗംഭീറുമായി ഋഷഭ് വാക്കുതർക്കത്തിലേർപ്പെട്ടുവെന്നുള്ള റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നതാണ്.
എന്തായാലും ഋഷഭിന് ശ്രീലങ്കയ്ക്കെതിരേ തിളങ്ങാൻ സാധിക്കാതെ പോയാല്‍ അത് വലിയ തിരിച്ചടിയായി മാറാൻ സാധ്യത കൂടുതലാണ്. കാരണം ഋഷഭ് പന്തിന് വലിയ ഭീഷണി ഉയർത്തുന്ന തരത്തിലാണ് ദ്രുവ് ജുറേല്‍ പ്രകടനം നടത്തുന്നത്. ശ്രീലങ്കയ്ക്കെതിരായ എ ടീമിനെതിരേ ജുറേല്‍ സെഞ്ചുറി പ്രകടനമടക്കം നടത്തിയിരുന്നു. ഇത്രയും മികച്ച ഫോമില്‍ ജുറേല്‍ കളിക്കുമ്പോള്‍ ഋഷഭിന് സീറ്റ് നിലനിർത്താൻ തുടർച്ചയായി മികവ് കാട്ടേണ്ടതായുണ്ട്.
Sanju Samson: സഞ്ജു മാത്രമല്ല, അവഗണന മടുത്ത് സെലക്ടർമാർക്കെതിരേ തുറന്നടിച്ചത് അഞ്ച് ഇന്ത്യൻ താരങ്ങള്‍; മുൻ നായകനും ഉള്‍പ്പെടുന്ന പട്ടിക ഇതാ
ഋഷഭ് പന്തിന് ഇപ്പോള്‍ കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിടുന്ന സമയമാണ്. ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ നിന്ന് ഋഷഭ് പന്ത് പുറത്താണുള്ളത്. ഈ ഫോർമാറ്റിലേക്ക് തിരിച്ചെത്തുകയെന്നത് ഋഷഭിനെ സംബന്ധിച്ച് ഇപ്പോള്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റിലെ സീറ്റുറപ്പിക്കാൻ മികച്ച പ്രകടനം നടത്താൻ ഋഷഭിന് സാധിക്കേണ്ടതായുണ്ട്.
ഇന്ത്യയുടെ ടെസ്റ്റ് ടീം ഗൗതം ഗംഭീറിന് കീഴില്‍ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗംഭീറിനെ ടെസ്റ്റ് പരിശീലകസ്ഥാനത്ത് നിന്ന് മാറ്റി പകരം വിവിഎസ് ലക്ഷ്മണെ കൊണ്ടുവരണമെന്ന ചർച്ചകളും ഇപ്പോള്‍ സജീവമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കാൻ സാധിക്കേണ്ടത് ഗംഭീറിന്റേയും ആവശ്യമാണെന്ന് പറയാം.

