തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ കൈകാര്യം ചെയ്ത തുറമുഖമായി മാറി വിഴിഞ്ഞം.
2024-ല്‍ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം 10 ലക്ഷം ടിഇയുവും, 20 ലക്ഷം ടിഇയുവും ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന ഇന്ത്യൻ തുറമുഖമായി മാറി. ഈ 18 മാസത്തിനിടയില്‍ 950-ത്തിലധികം കപ്പലുകള്‍ തുറമുഖത്ത് എത്തി. ഇതില്‍ 67 അള്‍ട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ്‌സി ഐരിന, എംഎസ്‌സി വെറോണ എന്നിവയും വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
ദക്ഷിണേഷ്യ, പാശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ഇത് വലിയൊരു നേട്ടമായി മാറുന്നു എന്നാണ് 18 മാസക്കാലയളവിലെ പ്രവർത്തനങ്ങള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയില്‍ അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ നിർമിച്ച് പ്രവർത്തിപ്പിക്കുന്ന തുറമുഖമാണ് വിഴിഞ്ഞം. 2024 ഡിസംബറിലാണ് ഈ പോർട്ടില്‍ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2025 മേയ് മാസത്തില്‍ രാജ്യത്തിന് സമർപ്പിച്ചു. 2025 ഓഗസ്റ്റില്‍ തന്നെ വിഴിഞ്ഞം 10 ലക്ഷം ടി ഇ യു നേട്ടവും കൈവരിച്ചു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ക്കിടയിലാണ് വിഴിഞ്ഞം തുറമുഖം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ വലിയ തോതില്‍ കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തിയതും ഈ കാലയളവിലാണ്. ഇറാനിലെ സംഘര്‍ഷാവസ്ഥ മൂലം നിരവധി കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിടാൻ വരിനിന്നത് വാർത്തയായിരുന്നു.
പ്രവർത്തനം ആരംഭിച്ചതിന് ശേഷം 950-ത്തിലധികം കപ്പലുകളെയാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതില്‍ 400 മീറ്റർ നീളമുള്ള 67 അള്‍ട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉള്‍പ്പെടുന്നു. ഇതും ഇന്ത്യയിലെ റെക്കോർഡ് ആണ്. വരും തലമുറയിലെ വമ്പൻ കണ്ടെയ്നർ കപ്പലുകളെയും സ്വീകരിക്കാൻ സജ്ജമാവുകയാണ് വിഴിഞ്ഞം.
ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര ഗതാഗതം നടത്താൻ വിഴിഞ്ഞത്തിന് വലിയ സാധ്യതയുണ്ട്. ഏകദേശം 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതിനാല്‍ വലിയ കപ്പലുകള്‍ക്ക് ഡ്രഡ്ജിംഗ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താൻ കഴിയും. ഇത് ടേണ്‍എറൗണ്ട് സമയം കുറയ്ക്കും. ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരമായ ഷിപ്പിംഗ് സർവീസുകളും വിഴിഞ്ഞത്തു നിന്ന് ലഭ്യമാണ്. ഇത് കണ്ടെയ്നർ ഗതാഗതം വേഗത്തിലാക്കും. പ്രധാന ആഗോള ഷിപ്പിങ് പാതകളോട് അടുത്തായതിനാല്‍ ഷിപ്പിങ് കമ്പനികള്‍ക്ക് യാത്രാസമയവും ഇന്ധനച്ചെലവും ലാഭിക്കാനാകുന്നു.

