ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ രാജസ്ഥാൻ റോയല്‍സ് മുന്നോട്ട് പോവുകയാണ്.
ആദ്യ മത്സരത്തില്‍ ചെന്നെെ സൂപ്പർ കിങ്സിനെ തോല്‍പ്പിച്ച രാജസ്ഥാൻ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടെെറ്റൻസിനോട് അവസാന ഓവറില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ 11 റണ്‍സ് ഗുജറാത്തിന് ജയിക്കാൻ വേണ്ടപ്പോള്‍ തുഷാർ ദേശപാണ്ഡെയുടെ തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ ടീം വിജയം നേടുകയായിരുന്നു.
രാജസ്ഥാന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ നീക്കങ്ങള്‍ കെെയടി നേടിയെടുത്തിരുന്നു. ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിങ് വിന്യാസങ്ങളും നടത്തി പരാഗ് ശ്രദ്ധേയ പ്രകടനമാണ് ക്യാപ്റ്റനെന്ന നിലയില്‍ കാഴ്ചവെച്ചത്. അവസാന ഓവറില്‍ തുഷാർ ദേശപാണ്ഡെയെ എറിയിക്കാനും 19ാം ഓവർ ജോഫ്രാ ആർച്ചർക്ക് കൊടുക്കാനുമുള്ള പരാഗിന്റെ തീരുമാനം രാജസ്ഥാന്റെ ജയത്തില്‍ നിർണ്ണായകമായി.
ഇപ്പോഴിതാ ബൗളിങ്ങിലെ ഈ മാറ്റങ്ങള്‍ തന്റെ തീരുമാനം ആയിരുന്നില്ലെന്നും ദ്രുവ് ജുറേലാണ് ഈ തീരുമാനത്തിന് പിന്നിലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് റിയാൻ പരാഗ്. 'എന്റെ തീരുമാനം ഇങ്ങനെ അല്ലായിരുന്നു. എന്നാല്‍ ദ്രുവ് ജുറേലിന്റെ നിർദേശമാണ് എന്റെ മനസ് മാറ്റിയത്. ജോഫ്രാ ആർച്ചറെ 19ാം ഓവറില്‍ എറിയിക്കാൻ പറഞ്ഞത് അവനാണ്. നല്ല വേഗത്തില്‍ കൂടുതല്‍ സ്ട്രെയ്റ്റ് പന്തുകള്‍ എറിയാനാണ് ജുറേല്‍ പറഞ്ഞത്.
ഇത് ഫലം കണ്ടു. ആർച്ചർ നല്ല വേഗതയിലാണ് എറിഞ്ഞത്. ടീമിന് ആവശ്യമുള്ളതുപോലെ അവർ തന്ത്രം നടപ്പിലാക്കിയതില്‍ എനിക്ക് സന്തോഷം തോന്നി' റിയാൻ പരാഗ് മത്സര ശേഷം പറഞ്ഞു. ആർച്ചർ 19ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇത് മത്സരഫലത്തില്‍ നിർണ്ണായകമായി. സ്ലോ ബോളുകളെ റാഷിദ് ഖാനും കഗിസോ റബാഡയും നന്നായി ആക്രമിച്ചു. വെെഡ് ലെെൻ പന്തുകളില്‍ ലെങ്ത് മിസാവുമ്പോള്‍ റണ്‍സ് നേടാൻ ഇരുവർക്കും സാധിച്ചു.
അതുകൊണ്ടുതന്നെ ഫുള്‍ ലെങ്ത് ഡെലിവറി നല്ല വേഗത്തിലാണ് ആർച്ചർ പരീക്ഷിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. തുഷാറിന് അവസാന ഓവറില്‍ കളി പിടിക്കാൻ ആത്മവിശ്വാസം നല്‍കിയതും ആർച്ചറുടെ ഓവറാണ്. അവസാന ഓവറില്‍ കിടിലൻ ക്യാച്ച് നേടാനും ആർച്ചർക്ക് സാധിച്ചു. റിയാൻ പരാഗിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ജയമാണിത്. ക്യാപ്റ്റനെന്ന നിലയിലെ തന്റെ കരുത്ത് തെളിയിക്കാൻ പരാഗിന് ഇതിലൂടെ സാധിച്ചു.
സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകസ്ഥാനമൊഴിഞ്ഞ് ടീം വിട്ടപ്പോള്‍ പല സൂപ്പർ താരങ്ങളേയും മറികടന്നാണ് പരാഗ് നായകസ്ഥാനത്തേക്കെത്തിയത്. ഇതിന്റെ പേരില്‍ വലിയ വിമർശനവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ ഈ വിമർശനങ്ങളെല്ലാം അവസാനിപ്പിക്കാൻ പരാഗിന് സാധിച്ചു.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
ഇപ്പോള്‍ എല്ലാവരും പരാഗിന്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കുകയാണ്. സമ്മർദ്ദമില്ലാതെ മുന്നോട്ട് പോകാൻ പരാഗിന് സാധിക്കുന്നുണ്ട്. രാജസ്ഥാനൊപ്പം ഇതേ മികവ് തുടരാനും ടീമിനെ കപ്പിലേക്കെത്തിക്കാനും പരാഗിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. നിലവില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന രാജസ്ഥാൻ വലിയ ആത്മവിശ്വാസത്തിലാണെന്ന് തന്നെ പറയാം.

