ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 43ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാൻ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്.
രാജസ്ഥാൻ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാർക്കും വെെഭവ് സൂര്യവംശിയും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയത്. ഓസീസ് സൂപ്പർ പേസറെ വെെഭവ് തല്ലിപ്പറത്തുമോ അതോ സ്റ്റാർക്കിന് മുന്നില്‍ വെെഭവ് വീഴുമോയെന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്.
എന്നാല്‍ സ്റ്റാർക്കിനെ നേരിടാനുള്ള അവസരം വെെഭവിന് ലഭിച്ചില്ല. അതിന് മുമ്പ് തന്നെ യുവതാരത്തിന് കൂടാരം കയറേണ്ടി വന്നു. രണ്ടാം ഓവർ എറിയാനെത്തിയ കെയ്ല്‍ ജാമിസനെതിരേ ആദ്യ പന്തില്‍ ബൗണ്ടറി നേടാൻ വെെഭവിന് സാധിച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ജാമിസന്റെ ഇൻസ്വിങ് യോർക്കറിന് മുന്നില്‍ യുവതാരത്തിന് പിഴച്ചപ്പോള്‍ സ്റ്റംപ് തെറിക്കുകയായിരുന്നു. ഇതോടെ രണ്ട് പന്തില്‍ നാല് റണ്‍സോടെ വെെഭവിന് മടങ്ങേണ്ടി വന്നു.
ജസ്പ്രീത് ബുംറയേയും ട്രന്റ് ബോള്‍ട്ടിനേയുമടക്കം പ്രധാനപ്പെട്ട പല ബൗളർമാരേയും തല്ലിപ്പറത്തിയ ബാറ്റ്സ്മാനാണ് വെെഭവ്.
വലിയ ഷോട്ടിനായി നേരത്തെ തന്നെ തയ്യാറെടുത്ത് നില്‍ക്കുന്ന വെെഭവിന് സ്റ്റംപിലേക്ക് സ്വിങ് ചെയ്തെത്തിയ അതിവേഗ പന്തില്‍ കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാർക്കിനെ നേരിടേണ്ടി വന്നിരുന്നെങ്കിലും യോർക്കർ പരീക്ഷണം വെെഭവിന് നേരെ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ വെെഭവിന് വിക്കറ്റ് നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്.
വെെഭവിനെതിരേ ഇനി എതിർ ബൗളർമാർ ഉപയോഗിക്കാൻ പോകുന്നത് ഇതേ യോർക്കർ തന്ത്രമാവും. ഭുവനേശ്വർ കുമാറിന് മുന്നിലും വെെഭവിന് കാര്യമായ വെടിക്കെട്ട് നടത്താൻ സാധിച്ചിരുന്നില്ല. യോർക്കറുകളെ നേരിട്ട് വെെഭവ് കൂടുതല്‍ അനുഭവസമ്പത്ത് ആർജിക്കണമെന്ന ഉപദേശവും ഇപ്പോള്‍ ആരാധകർ നല്‍കുകയാണ്. തുടക്കത്തിലേ തന്നെ രണ്ട് ഓപ്പണർമാരേയും നഷ്ടമായത് രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം.
ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തി ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാനുള്ള അവസരം വെെഭവിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ 15 വയസുകാരന് ഇതിന് സാധിക്കാതെ പോയി. യശ്വസി ജയ്സ്വാളിന്റെ പുറത്താകലും ദൗർഭാഗ്യകരമായ രീതിയിലായിരുന്നു. മിച്ചല്‍ സ്റ്റാർക്കിനെ സിക്സറോടെയാണ് ജയ്സ്വാള്‍ വരവേറ്റത്. ഇതോടെ ജയ്സ്വാള്‍ തല്ലിത്തകർക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
IPL 2026: പ്ലേ ഓഫിലേക്കെത്തുക ആരൊക്കെ? ജിടിക്കും എസ്‌ആർഎച്ചിനും ആർസിബിക്കും നിർണ്ണായകം; പ്രതീക്ഷയോടെ വമ്പന്മാർ
എന്നാല്‍ അതിവേഗ ഫുള്‍ട്ടോസില്‍ ജയ്സ്വാളിന് പിഴച്ചു. നോബോള്‍ ആണെന്ന് തോന്നിപ്പിക്കുന്ന ഫുള്‍ട്ടോസ് പന്തില്‍ ജയ്സ്വാള്‍ ബാറ്റുവെച്ചപ്പോള്‍ സ്റ്റാർക്ക് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തേർഡ് അംപയർ നോബോള്‍ പരിശോധിച്ചെങ്കിലും അത് നിയമപരമായ ബോളാണെന്ന് വിധിച്ച് വിക്കറ്റ് അനുവദിക്കുകയായിരുന്നു. രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻമാരേയും തുടക്കത്തിലേ നഷ്ടമായത് രാജസ്ഥാന്റെ പവർപ്ലേ സ്കോറിനെ കാര്യമായി ബാധിച്ചു.
റിയാൻ പരാഗ് ആറാം ഓവറില്‍ നടത്തിയ ചെറിയൊരു വെടിക്കെട്ടിന്റെ കരുത്തില്‍ പവർപ്ലേയില്‍ രണ്ട് വിക്കറ്റിന് 56 എന്ന സ്കോറിലേക്കെത്താൻ രാജസ്ഥാനായി. പ്ലേ ഓഫിനായുള്ള പോരാട്ടം ശക്തമാകവെ രാജസ്ഥാനും ഡല്‍ഹിക്കും ജയം അനിവാര്യമാണ്.

