Dailyhunt
IPL 2026: തോല്‍വി അറിയാതെ 7 മത്സരം, ഇപ്പോള്‍ 2 തുടര്‍ തോല്‍വി; പഞ്ചാബ് ഭയക്കേണ്ടത് ആ പ്രശ്നം; ശ്രേയസും സംഘവും സൂക്ഷിക്കണം

IPL 2026: തോല്‍വി അറിയാതെ 7 മത്സരം, ഇപ്പോള്‍ 2 തുടര്‍ തോല്‍വി; പഞ്ചാബ് ഭയക്കേണ്ടത് ആ പ്രശ്നം; ശ്രേയസും സംഘവും സൂക്ഷിക്കണം

ന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ തുടർച്ചയായ രണ്ടാം തോല്‍വി പഞ്ചാബ് കിങ്സ് നേരിട്ടിരിക്കുകയാണ്. ഗുജറാത്ത് ടെെറ്റൻസ് നാല് വിക്കറ്റിനാണ് പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്ത് ബാക്കി നിർത്തി നാല് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ഇരു ടീമിന്റേയും ബൗളർമാർ കരുത്തുകാട്ടിയ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ് കരുത്തിലാണ് ഗുജറാത്ത് ജയിച്ച്‌ കയറിയത്. 23 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സുന്ദറിന്റെ പ്രകടനം മത്സരത്തില്‍ നിർണ്ണായകമായി മാറി. ജോസ് ബട്ലർ 22 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ സായ് സുദർശൻ അർധ സെഞ്ചുറിയോടെ ടോപ് ഓഡറില്‍ കരുത്തുകാട്ടി.


41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 57 റണ്‍സാണ് നേടിയത്. ശുഭ്മാൻ ഗില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിശാന്ത് സിദ്ധു 11 പന്തില്‍ 15 റണ്‍സാണ് നേടിയത്.
രാഹുല്‍ തെവാത്തിയയും (2) ജേസൻ ഹോള്‍‍ഡറും (5) നിരാശപ്പെടുത്തി. അർഷാദ് ഖാൻ അഞ്ച് പന്ത് നേരിട്ട് എട്ട് റണ്‍സ് നേടിയത് ഗുജറാത്തിന് നിർണ്ണായകമായി.

പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കവെ പഞ്ചാബിന് ആശങ്കയാവുന്ന തോല്‍വിയാണിത്. ഇപ്പോഴും പോയിന്റ് പട്ടികയില്‍ പഞ്ചാബ് തലപ്പത്താണുള്ളത്. ഒമ്പത് മത്സരങ്ങളില്‍‌ നിന്ന് 13 പോയിന്റാണ് പഞ്ചാബിനുള്ളത്. ഏഴ് മത്സരങ്ങളില്‍ പഞ്ചാബ് തോല്‍വി അറിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് ഫലം ഇല്ലാതെ പോയി. അവസാന രണ്ട് മത്സരങ്ങള്‍ പഞ്ചാബ് തോറ്റത് ടീമിന്റെ ദൗർബല്യം തുറന്ന് കാട്ടുന്നതാണ്.

പഞ്ചാബിന്റെ ബാറ്റിങ് ദൗർബല്യം തുറന്ന് കാട്ടുന്നതാണ് ഗുജറാത്തിനെതിരായ തോല്‍വി. പഞ്ചാബിന്റെ ഓപ്പണർമാർ നിരാശപ്പെടുത്തിയാല്‍ പഞ്ചാബ് പതറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രിയൻഷ് ആര്യ, പ്രഭ്സിംറാൻ സിങ് എന്നിവർ മികച്ച തുടക്കം നല്‍കിയാല്‍ പഞ്ചാബിന്റെ മറ്റ് ബാറ്റ്സ്മാൻമാർക്ക് അത് ആത്മവിശ്വാസം നല്‍കുകയും വലിയ സ്കോറിലേക്കുയരാൻ ടീമിന് സാധിക്കുകയും ചെയ്യുന്നുണ്ട്.


എന്നാല്‍ ഓപ്പണർമാർ രണ്ട് പേരും നിരാശപ്പെടുത്തുന്നത് പഞ്ചാബിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ റെക്കോഡ് ജയം നേടിയ പഞ്ചാബിന്റെ ബാറ്റിങ് നിരക്ക് ഗുജറാത്തിന്റെ കരുത്തുറ്റ ബൗളിങ് നിരക്കെതിരേ പതറുന്നതാണ് കാണാനായത്. പഞ്ചാബിനെ കുടുക്കാൻ ഷോർട്ട് ബോളുകള്‍ നന്നായി ഗുജറാത്ത് ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, രാമകൃഷ്ണ ഘോഷ് പുറത്ത്; പ്ലേ ഓഫിലേക്കടുക്കവെ മഞ്ഞപ്പടക്ക് തിരിച്ചടി

മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയില്‍ നടത്തിയ തകർപ്പൻ ബൗളിങ് പ്രകടനമാണ് പഞ്ചാബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. 47 റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഈ പ്രഹരത്തില്‍ നിന്ന് വലിയൊരു തിരിച്ചുവരവ് നടത്താൻ പഞ്ചാബിന് സാധിക്കാതെ പോയി. പഞ്ചാബിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ഓപ്പണർമാർ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. സ്ഥിരതയോടെ ഓപ്പണർമാർ മികവ് കാട്ടാത്ത പക്ഷം പഞ്ചാബ് പ്രയാസപ്പെടാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam