Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ ഹോര്‍മൂസ് നിയന്ത്രണം കര്‍ശനമാക്കുന്നു; പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച്‌ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്

ഇറാൻ ഹോര്‍മൂസ് നിയന്ത്രണം കര്‍ശനമാക്കുന്നു; പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച്‌ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്

Samayam Malayalam 2 weeks ago

ടെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ ഇറാൻ സമുദ്ര നിയന്ത്രണം കർശനമാക്കുന്നു. ഇതിനായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമൂസിന്റെ തെക്കൻ തീരപ്രദേശത്തിനടുത്തുള്ള ജലാശയങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു.

അറേബ്യൻ ഗള്‍ഫിലെയും ഹോർമുസ് കടലിടുക്കിലെയും പ്രധാന സമുദ്രപാതകളിലെ നിയന്ത്രണം ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി ഇറാനിയൻ ഭരണകൂടത്തിന്റെ മാധ്യമമായ പ്രസ് ടിവിയുടെ റിപ്പോർട്ട് പറയുന്നു.

അറേബ്യൻ ഗള്‍ഫിലും ഹോർമുസ് കടലിടുക്കിലുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,000 കിലോമീറ്റർ തീരപ്രദേശത്തിനാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ഇറാനിലെ ജനങ്ങളുടെ അഭിമാനത്തിന്റെയും കരുത്തിന്റെയും മേഖലയാക്കി ഈ പ്രദേശത്തെ മാറ്റും. മേഖലയുടെ സുരക്ഷയ്ക്കും, സമൃദ്ധിക്കും ഇത് ഗുണകരമാകുമെന്നും ഐആർജിസി പ്രസ്താവിച്ചു. അറേബ്യൻ ഗള്‍ഫിനെ ലക്ഷ്യമാക്കി ഗൂഢാലോചനകള്‍ നടത്തുന്ന വിദേശികള്‍ക്ക് അതിന്റെ ജലാശയങ്ങളുടെ അടിത്തട്ടിലൊഴികെ മറ്റൊരിടത്തും സ്ഥാനമില്ലെന്ന് കഴിഞ്ഞ ദിവസം അയത്തുള്ള മൊജ്തബ ഖമേനി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐആർജിസിയുടെ പുതിയ നീക്കം.

അതെസമയം ഹോർമൂസില്‍ യുഎസ് സൈനികർ കടല്‍ക്കൊള്ളക്കാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ഇതിന് ഉദാഹരണമായി ഒരു കപ്പല്‍ പിടിച്ചെടുത്ത ഓപ്പറേഷൻ അദ്ദേഹം വിവരിക്കുകയും ചെയ്തു. "ഞങ്ങള്‍ കപ്പലില്‍ ചെന്നിറങ്ങി. കപ്പല്‍ ഏറ്റെടുത്തു. ചരക്ക് ഏറ്റെടുത്തു, എണ്ണ ഏറ്റെടുത്തു. ഇത് വളരെ ലാഭകരമായ ഒരു ബിസിനസ്സാണ്. ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ്. പക്ഷേ ഞങ്ങള്‍ കളിക്കുന്നില്ല," ട്രംപ് ഫ്ലോറിഡയില്‍ നടന്ന ഒരു റാലിയില്‍ പറഞ്ഞു.

ഇസ്രായേല്‍ അടുത്ത ഒരു യുദ്ധത്തെ നേരിടാൻ സജ്ജമാകുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ടാംവട്ട ചർച്ചകള്‍ക്കായി യുഎസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. യുഎസിന്റെ നിബന്ധനകളെ മുൻനിർത്തിയുള്ള ചർച്ച വേണ്ടെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി രണ്ടാംവട്ട ചർച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും അദ്ദേഹം യുഎസ് പ്രതിനിധി സംഘം വിമാനം കയറുന്നതിന് മുമ്പു തന്നെ ഒമാനിലേക്ക് തിരിച്ചു. ഇതോടെ ട്രംപ് തന്റെ പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കി. ഫോണില്‍ ചര്‍ച്ച ചെയ്യാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്രംപിനും യുഎസിനും നാണക്കേടുണ്ടാക്കി. യുഎസിനെ ഇറാൻ അപമാനിക്കുകയാണെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് പ്രസ്താവിച്ചു.

രാജ്യത്തിനകത്ത് ഇസ്രായേലിനൊപ്പം നില്‍ക്കുന്നവരെ സൂക്ഷ്മമായി തിരഞ്ഞു പിടിച്ച്‌ ഇല്ലാതാക്കുകയാണ് ഇറാൻ. ഇസ്രായേലിനായി ചാരപ്പണി നടത്തിയതിന് ശിക്ഷിക്കപ്പെട്ട രണ്ട് പേരെ ഇറാൻ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശനിയാഴ്ച ഇവരെ തൂക്കിലേറ്റിയതായി ഇറാനിയൻ ജുഡീഷ്യറി അറിയിച്ചു. കഴിഞ്ഞ നിരവധി ആഴ്ചകളായി ഇത്തരം വധശിക്ഷകള്‍ രാജ്യത്ത് കാര്യമായി നടക്കുന്നുണ്ട്. ഇസ്രായേലുമായുള്ള ഇന്റലിജൻസ് സഹകരണം, സയണിസ്റ്റ് ഭരണകൂടത്തിന് അനുകൂലമായി ചാരവൃത്തി എന്നീ കുറ്റാരോപണങ്ങളാണ് ഇറാനിയൻ പൗരന്മാരായ യഗൂബ് കരിമ്പൂർ, നാസർ ബെക്സാദെ എന്നിവർക്കെതിരെ ഇറാൻ ഭരണകൂടം ആരോപിച്ചത്. യുദ്ധസമയത്തെ സുരക്ഷാ, സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോയെടുത്ത് മൊസാദ് ഉദ്യോഗസ്ഥന് അയച്ചു എന്നതാണ് ഇരുവർക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam