Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ വംശജയായ മുംതാസിനു വേണ്ടി, ഇറാനിയൻ വാസ്തുശില്‍പ്പികള്‍ നിര്‍മിച്ച താജ്മഹല്‍‌; 'മാര്‍ക്കോ റൂബിയോയ്ക്കും ഭാര്യക്കും അറിയാത്ത' ചരിത്രം

ഇറാൻ വംശജയായ മുംതാസിനു വേണ്ടി, ഇറാനിയൻ വാസ്തുശില്‍പ്പികള്‍ നിര്‍മിച്ച താജ്മഹല്‍‌; 'മാര്‍ക്കോ റൂബിയോയ്ക്കും ഭാര്യക്കും അറിയാത്ത' ചരിത്രം

മേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യയും താജ്മഹല്‍ സന്ദർശിച്ച്‌ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ചൂണ്ടിക്കാട്ടി പരിഹസിക്കുകയാണ് ഇറാൻ.

ഇറാനെയും ഇറാന്റെ പൈതൃകങ്ങളെയും ചോദ്യം ചെയ്യുന്ന റൂബിയോയ്ക്ക് ചരിത്രത്തില്‍ അറിവില്ലാത്ത ഒറ്റക്കാരണത്താലാണ് അദ്ദേഹം താജ്മഹാലിനു മുമ്പിലിരുന്ന് ഫോട്ടോയെടുക്കുകയും അത് സോഷ്യല്‍‌ മീഡിയയില്‍ പങ്കു വെക്കുകയും ചെയ്തതെന്നാണ് ഹൈദരാബാദിലെ ഇറാനിയൻ കോണ്‍സുലേറ്റ് പരിഹസിക്കുന്നത്. ഈ പരിഹാസത്തിനു പിന്നില്‍‌ വസ്തുതയുണ്ട് എന്നതാണ് സത്യം. താജ്മഹാലിന്റെ നിർമാണത്തില്‍ ഇറാനില്‍ നിന്നുള്ള വാസ്തുശില്‍പ്പികളുടെ വൈദഗ്ധ്യമുണ്ട്.

മുംതാസ് എന്ന ഇറാൻകാരി


1632-ല്‍ ഷാജഹാൻ ചക്രവർത്തി തന്റെ മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി താജ്മഹാല്‍ നിർമിക്കാൻ പദ്ധതിയിട്ടപ്പോള്‍ അതിനുള്ള മികവുറ്റ ആർക്കിടെക്ടുകളെ കണ്ടെത്തിയത് അന്ന് ഏറെ സമ്പന്നമായിരുന്ന ഇറാനില്‍ നിന്നായിരുന്നു. ഇന്ത്യയുമായി അക്കാലത്തേ ആഴമേറിയ നയതന്ത്ര ബന്ധങ്ങളുണ്ടായിരുന്ന ഇറാനില്‍ നിന്നു തന്നെ വാസ്തുശില്‍പ്പികള്‍ വേണമെന്ന് നിശ്ചയിക്കാൻ ഷാജഹാൻ ചക്രവര്‍ത്തിക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നു. മുംതാസ് മഹല്‍ എന്ന അർജുമന്ദ് ബാനു ബീഗത്തിന്റെ വേരുകള്‍ ഇറാനിലായിരുന്നു. ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഇറാനിയൻ കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു മുംതാസ്.


ഇസ്ലാമിക വാസ്തുവിദ്യയെന്ന് വിശാലമായ അർത്ഥത്തില്‍‌ വിളിക്കാമെങ്കിലും താജ്മഹലിന്റെ നിർമാണത്തില്‍ ഇറാനിയൻ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ സ്വാധീനമാണ് തെളിഞ്ഞു കാണുക. ഇന്ത്യൻ വാസ്തുശാസ്ത്രത്തിന്റെ സ്വാധീനവും ഈ നിർമിതിയില്‍ തെളിഞ്ഞു കാണാവുന്നതാണ്.

പേർഷ്യൻ വാസ്തുവിദ്യയുടെ സുവർണകാലം


പേർഷ്യൻ വാസ്തുവിദ്യയുടെ സുവർണകാലമെന്നാണ് 15, 16, 17 നൂറ്റാണ്ടുകള്‍ അറിയപ്പെടുന്നത്. ഈ കാലത്തെ വാസ്തുശൈലിയെ സഫാവിദ്-പേർഷ്യൻ ശൈലി എന്നാണ് വിശേഷിപ്പിക്കാറ്. താജ്മഹലിന്റെ വലിയ താഴികക്കുടം ഈ ശൈലിയുടെ സവിശേഷതയെയാണ് കാണിക്കുന്നത്. നാല് വാതായനങ്ങളെ താജ്മഹാലില്‍ കാണാം. ഇത് പേർഷ്യൻ ചാർബാഗ് ശൈലിയാണ്. ഇതേ ശൈലി ഹൈദരാബാദിലെ ചാർമിനാർ അടക്കമുള്ളയിടങ്ങളില്‍‌ കാണാനാകും.

ഇറാനിയൻ കലാകാരന്മാരും കാലിഗ്രാഫർമാരുമെല്ലാം താജ്മഹാലിന്റെ നിർമാണത്തിലുടനീളം പ്രവർത്തിച്ചിട്ടുണ്ട്. എസ്സ ഷിറാസി പോലുള്ള അന്നത്തെ ലോകവിഖ്യാതരായ ഡിസൈനർമാരും, മുഹമ്മദ് ഹനീഫ് കാന്തഹാരി പോലുള്ള കരകൗശല വിദഗ്ധരും ഇതിലുള്‍പ്പെടുന്നു. സ്മാരകത്തിലെ ഖുർആൻ ലിഖിതങ്ങള്‍ എഴുതിയത് അക്കാലത്ത് പേർഷ്യല്‍ ഏറെ ഖ്യാതി നേടിയിരുന്ന ഷിറാസ് നഗരത്തില്‍ നിന്നുള്ള കാലിഗ്രാഫർ അബ്ദുള്‍ ഹഖ് ആയിരുന്നു. അതിമനോഹരമായ അബ്ദുള്‍ ഹഖിന്റെ കൈയെഴുത്ത് ഇന്നും താജ്മഹലിന്റെ സൗന്ദര്യത്തെ വർധിപ്പിക്കുന്ന ഘടകമായി ശോഭിക്കുന്നു.

ഇന്ത്യയും ഇറാനും


ഇറാനും മുഗള്‍ സാമ്രാജ്യവും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രമുണ്ട്. ഈ ചരിത്രത്തെ നിഷേധിക്കാൻ ഇന്നും നമുക്ക് സാധിക്കില്ല. അത്രയേറെ ആഴമേറിയ ബന്ധമാണത്. ഭൂമിശാസ്ത്രപരമായ പരസ്പരം സഹകരിച്ച്‌ കഴിയേണ്ട സ്ഥിതിയുള്ളവരാണ് ഇരു രാജ്യങ്ങളും. പേർഷ്യൻ ഭാഷ, സാഹിത്യം, കല, വാസ്തുവിദ്യ തുടങ്ങിയവയെല്ലാം ഇന്ത്യയുടെ രാജകൊട്ടാരങ്ങളുടെ നിർമാണങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

മാർക്കോ റൂബിയോ ഈ ചരിത്ര വസ്തുതകള്‍ അറിഞ്ഞിരുന്നെങ്കിലോ? ഇറാനുമായുള്ള അമേരിക്കയുടെ ഈ സംഘർഷ പശ്ചാത്തലത്തില്‍ താജ്മഹലിനു മുന്നിലിരുന്ന് ഫോട്ടോയെടുക്കുമായിരുന്നോ? ഇറാന് ചരിത്രപൈതൃകമില്ലെന്ന് വാദിക്കുന്ന ട്രംപിന്റെ വാക്കുകളെ അദ്ദേഹം ഇങ്ങനെ ചോദ്യം ചെയ്യുമായിരുന്നോ? ഇതേ ചോദ്യമാണ് ഇന്ത്യയിലെ ഇറാനിയൻ കോണ്‍സുലേറ്റ് ചോദിക്കുന്നത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam