തിരുവനന്തപുരം: വിമർശനങ്ങള്‍ ഉയർന്നതിനെ തുടർന്ന് മാറ്റം വരുത്തിയ ജൻശതാബ്ധി ട്രെയിനുകളിലെ പുതിയ പുഷ്ബാക്ക് സീറ്റുകളുടെ (ബക്കറ്റ് സീറ്റ്) ചിത്രം പുറത്തുവിട്ട് ദക്ഷിണ റെയില്‍വേ.
തിരുവനന്തപുരം - കണ്ണൂർ ജൻശതാബ്ധി സർവീസിലാണ് (12081/12082) ആദ്യം മാറ്റം വരുത്തിയിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബർ 11) മുതല്‍ക്ക് പുതിയ കോച്ചുകളുമായി ജനശതാപ്ധി ഓടിത്തുടങ്ങും.
കോച്ചുകള്‍ പൂർണമായി മാറ്റുകയാണ് റെയില്‍വേ ചെയ്തിരിക്കുന്നത്. എല്ലാ നോണ്‍ എസി കോച്ചുകളിലും ഈ പുതിയ സീറ്റുകളെത്തും. പുഷ്ബാക്ക് ലിവറുകളോടു കൂടിയ ഈ സീറ്റുകള്‍ സൌകര്യമായി പിന്നിലേക്ക് ചായ്ക്കാൻ കഴിയും. രണ്ട് വശങ്ങളിലും ലഗ്ഗേജ് റേക്കുകളുണ്ട്. ഓരോ കോച്ചിലും നടുവിലായി മേശയും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനുള്ള ഫോള്‍ഡബിള്‍ ട്രേ സംവിധാനം കൂടാതെ വേറെയും സൌകര്യങ്ങളുണ്ട്. മികച്ച ലെഗ്‌റൂമും ഈ കോച്ചുകളിലുണ്ട്.
മെയ് മാസം മുതല്‍ ട്രെയിനുകളില്‍ ആധുനിക സാങ്കേതികതയില്‍ നിർമിച്ച പുതിയ എല്‍എച്ച്‌ബി കോച്ചുകള്‍ റെയില്‍വേ ഘടിപ്പിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളില്‍ നല്‍കിയിരുന്ന സീറ്റുകള്‍ ദീർഘദൂര യാത്രക്കാർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവയായിരുന്നു. ഈ ട്രെയിനില്‍ യാത്ര ചെയ്തവർ നടുവേദനയ്ക്ക് ചികിത്സ തേടുന്ന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. രൂക്ഷമായ വിമർശനങ്ങള്‍ ഉയർന്നതോടെയാണ് പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകളിറക്കാൻ ദക്ഷിണ റെയില്‍വേ തയ്യാറായത്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ ജനശതാബ്ദി കോച്ചുകള്‍ നിർമിച്ചത്. ഇവിടെ സിറ്റിങ് കോച്ചുകള്‍ നിർമിക്കുന്നത് നേരത്തെ തന്നെ നിർത്തിയിരുന്നു. ഇക്കാരണത്താലാണ് ഐസിഎഫിന്റെ ഫാക്ടറിയില്‍ ലഭ്യമായ സാധാരണ സീറ്റുകളുള്ള കോച്ചുകള്‍ നല്‍കിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഉത്തരേന്ത്യൻ കോച്ച് ഫാക്ടറികളില്‍ നിന്ന് നിർമിച്ച 16 പുതിയ കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറിയിട്ടുണ്ട്. പുതിയ കോച്ചുകള്‍ പഞ്ചാബിലെ കപൂർത്തലയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ റെയില്‍ കോച്ച് ഫാക്ടറിയിലാണ് (ആർസിഎഫ്) നിർമ്മിച്ചത്. 10 ദിവസത്തിനകം തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും പുഷ്ബാക്ക് സീറ്റുകളിലേക്ക് മാറ്റും.

