തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 9 അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂണ്‍ 9 മുതല്‍ ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമം നിലവിലുള്ളതിനാല്‍ തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല.
മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ചെറുവള്ളങ്ങളിലും ഇൻബോർഡ് വള്ളത്തിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് ഈ സമയം കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയുണ്ട്.
മീനുകളുടെ പ്രജനനകാലമായതിനാലാണ് ഈ സമയത്ത് ട്രോളിങ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. മത്തി, അയല, പാര, പരവ, ചൂര, നത്തോലി എന്നീ ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലമാണിത്.
പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ഇസെഡില്‍ തിങ്കള്‍ മുതല്‍ ജൂലൈ 31 വരെ 61 ദിവസത്തേക്ക് നോണ്‍-മോട്ടോറൈസ്ഡ് യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങള്‍ക്കും നിരോധനം ഉണ്ടാകും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന് വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായി പ്രത്യേക യോഗവും വിളിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസല്‍ ബങ്കുകള്‍ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ് ബോട്ടുകള്‍ ജൂണ്‍ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെൻ്റ്, കോസ്റ്റല്‍ പോലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങള്‍ക്ക് സജ്ജമായിരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും.
മുൻകാലങ്ങളില്‍ ഇൻബോർഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയർ വള്ളമേ ട്രോളിങ് സമയത്ത് അനുവദിക്കാറുണ്ടായിരുന്നുള്ളൂ. ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോയാല്‍ കർശന നടപടികള്‍ സ്വീകരിക്കാറുണ്ട്. തീവ്ര പ്രകാശമുള്ള ബള്‍ബുകള്‍ ഉപയോഗിച്ചുള്ള ലൈറ്റ് ഫിഷിങ് രീതിക്കെതിരെയും കർശന നടപടി ഉണ്ടാകും.

