തിരുവനന്തപുരം: നേരിയ മാർജിനില്‍ ബിജെപി സ്ഥാനാർഥി വി മുരളീധരന് വിജയം സമ്മാനിച്ചത് പാർട്ടിക്കുള്ളിലെ ഗൂഢാലോചനയാണെന്ന വിലയിരുത്തലില്‍ പാർട്ടി.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തോറ്റതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കാൻ കമ്മീഷനെ വെക്കണമെന്നും വഞ്ചിയൂർ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വളരെ ചെറിയ വോട്ടുകള്‍ക്കാണ് കടകംപള്ളി തോറ്റതെന്നും ഇത് അപ്രതീക്ഷിതമായിരുന്നെന്നും വഞ്ചിയൂർ ഏരിയ കമ്മറ്റി അംഗങ്ങള്‍ വാദിച്ചതായാണ് വിവരം. സ്വന്തം പാളയത്തുനിന്ന് തന്നെ ഗൂഢാലോചന നടന്നു എന്നാണ് പാർട്ടിക്കുള്ളില്‍ വിമർശനം ഉയരുന്നത്.
കടകംപള്ളിയുടെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നവർ വേണ്ട രീതിയില്‍ പ്രവർത്തിച്ചിരുന്നില്ലെന്ന് ഏരിയ കമ്മറ്റി അംഗങ്ങള്‍ ആരോപിക്കുന്നു. പാർട്ടിയുടെ ശക്തമായ മേഖലകളില്‍ പോലും വോട്ടില്‍ പിന്നാക്കം പോയി. ഈ ചുമതലപ്പെട്ടവർ പ്രചാരണം ശക്തമാക്കിയില്ല എന്നും ഏരിയ കമ്മിറ്റിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. കടകംപള്ളിയുടെ പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനപ്പൂർവ്വം തോല്‍പ്പിക്കാനായി പ്രവർത്തിച്ചു എന്നാണ് സംശയം. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്നും ഏരിയാ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

