കോട്ടയം: യുഎസിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ സെപ്റ്റംബർ 21ന് രാവിലെ നാട്ടിലെത്തിക്കും.
യുഎസിലെ പരിശോധനകളും നിയമ നടപടികളുമെല്ലാം പൂർത്തിയാകാൻ സമയമെടുത്തതിനാലാണ് ഇത്രയും വൈകിയത്. 21-ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തും.
തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകള്‍ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻ മേരി മാത്യു (40) എന്നിവരാണ് സുഹത്തായ അനില ബേബിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇതിനകം മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിരുന്നു. ഫോറൻസിക് പരിശോധനകളടക്കം പൂര്‍ത്തീകരിച്ചു. എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികള്‍ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്നത്.
വിമാനത്താവളത്തില്‍ അഞ്ജനയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി തൃശൂരിലെ വസതിയിലെത്തിക്കും. തിങ്കളാഴ്ച വൈകിട്ട് തന്നെ സംസ്കാരം നടക്കും. വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക. ആൻ മേരി മാത്യൂവിന്റെ സംസ്‌കാരം ഭർത്താവ് കുറിച്ചി പള്ളത്തറ വീട്ടില്‍ ജേക്കബ് (മിഥുൻ) ന്റെ ഇടവകയായ പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ വെച്ചാണ് നടക്കുക. ചൊവ്വാഴ്ചയാണ് അടക്കം. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് ആനിന്റെ മക്കള്‍
ആഗസ്റ്റ് 28-നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഉറ്റ സുഹൃത്തായ അനില ബേബിയാണ് കൊലപാതകം നടത്തിയത്. കോട്ടയം സ്വദേശിയായ അനില എന്തു കൊണ്ടാണ് ഈ അക്രമം ചെയ്തതെന്ന് ഇനിയും പുറത്തു വന്നിട്ടില്ല. അന്വേഷണം പൂർത്തീകരിച്ച ശേഷം മാത്രമേ യുഎസ് പോലീസ് ഇത്തരം വിവരങ്ങള്‍ പുറത്തുവിടൂ.
ഒന്നര മണിക്കൂറിനിടയിലാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ഓണാഘോഷത്തില്‍ ഒരുമിച്ച് പങ്കെടുക്കുകയും, ഒരുമിച്ച് സിനിമ കാണാൻ പോകുകയും ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. അനില ബേബിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരട്ട കൊലപാതകമായതിനാല്‍ കടുത്ത ശിക്ഷ തന്നെ ആനിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. രണ്ട് കൊലപാതകത്തിനും ചേർത്ത് കുറഞ്ഞത് 50 വർഷത്തെ ജയില്‍ശിക്ഷ ലഭിക്കും. ഇത് ജീവപര്യന്തം തടവാകാനും സാധ്യതയുണ്ട്.
മനപ്പൂർവ്വമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുള്ളതായി റിപ്പോർട്ടുകള്‍ സൂച്പിക്കുന്നു. അഞ്ജനയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് ബ്രേക്കിങ്ങിന് ശ്രമിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

