തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി.
അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി.
ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ക്ക് സൂരജ് യാദവ്, സഞ്ജയ് ഠാക്കൂര്‍, രജനീഷ് റാവത്ത്, ദിലീപ് യാദവ് രണ്ട് ലക്ഷം രൂപ വീതം എട്ട് ലക്ഷവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് ടി.കെ.കുഞ്ചു, ഹിര്‍ കുമാര്‍, തന്മയ് ഘോഷ്, കൂടമ്മാല്‍, സന്തോഷ് കുമാര്‍ 25,000 രൂപ വീതം ആകെ 1,25,000 രൂപ അനുവദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കേരളത്തില്‍ ഈ വർഷം മഴയുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ വലിയ ദുരന്തമായിരുന്നു കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം. ഇതിനു പിന്നാലെ സംസ്ഥാനത്താകെ പ്രളയക്കെടുതിയില്‍ വീണിരിക്കുകയാണ്. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10000 രൂപ നല്‍കും. മഴക്കെടുതിയില്‍ ഇതുവരെ 15 പേർ മരിച്ചു 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം നടത്തിയത്. ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതല്‍ നടപടികള്‍, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തി. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതല്‍ നിർദ്ദേശങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കി.

