Dailyhunt
'കല്ലേലി അപ്പൂപ്പനാണേ സത്യം, താനൊരു കേസിലും പ്രതിയല്ല'; വികാരാധീനനായി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി

'കല്ലേലി അപ്പൂപ്പനാണേ സത്യം, താനൊരു കേസിലും പ്രതിയല്ല'; വികാരാധീനനായി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി

ടൂർ: അടൂരിലെ ലഘുലേഖ വിതരണ വിവാദത്തില്‍ വികാരാധീനനായി യുഡിഎഫ് സ്ഥാനാർഥി സിവി ശാന്തകുമാർ. നോട്ടീസിന് പിന്നില്‍ യാതൊരു കഴമ്പുമില്ലെന്നും താനൊരു കേസിലും പ്രതിയല്ലെന്നും ശാന്തകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ഡിഎഫ് പ്രവർത്തകർ തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന ആരോപണവുമായി ലഘുലേഖ ഇറക്കിയ സംഭവത്തില്‍ പരാതി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. എല്‍ഡിഎഫ് പ്രവർത്തകർ തന്നെ വധിക്കാൻ ശ്രമിക്കുകയാണ്. ജീവൻ പോലും ഭീഷണിയിലാണ്. കോണ്‍ഗ്രസ് പ്രവർത്തകർ മാത്രമാണ് ആശ്രയം. താൻ വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പൻ സത്യമായിട്ടും താൻ ഇങ്ങനൊരു കേസില്‍ പ്രതിയല്ല. തനിക്കങ്ങനെ ആകാനും കഴിയില്ലെന്നും സിവി ശാന്തകുമാർ പറഞ്ഞു.



താനൊരു കേസിലും പ്രതിയല്ല. ഒരു കോടതി പോലും തന്നെ ശിക്ഷിച്ചിട്ടില്ല. തൻ്റെ പേരില്‍ ഒരു എഫ്‌ഐആറുമില്ല. എഫ്‌ഐആർ ഉണ്ടെങ്കില്‍ സിപിഎക്കാർ കൊണ്ടവരട്ടെ. ഒരു കോടതി ശിക്ഷിച്ച ആള്‍ക്ക് അഭിഭാഷകനായി എൻറോള്‍ ചെയ്ത് മുന്നോട്ടുപോകാൻ പറ്റുമോ? തനിക്കേറ്റ മാനസ്സികാഘാതത്തില്‍ നോട്ടീസ് ഇറക്കിയവർ ഉത്തരവാദിത്തം പറയണം. അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഡിവൈഎസ്പിക്കും എസ്‌എച്ച്‌ഒയ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സിവി ശാന്തകുമാർ പറഞ്ഞു.

നോട്ടീസ് ഇറക്കിയവർ പേര് വെച്ച്‌ ഇറക്കിക്കോട്ടെ, തനിക്ക് കുഴപ്പമില്ല. പേരില്ലാതെ എന്തിനാണ് ഇങ്ങനെ നോട്ടീസ് ഇറക്കുന്നത്. താൻ കെട്ടിയിറക്കിയ സ്ഥാനാർഥിയല്ല, 94-96 ബാച്ചില്‍ പന്തളം കോളേജില്‍ പഠിച്ചതാണ്. ഈ നിയോജക മണ്ഡലത്തിലെ തുമ്പമണ്ണിലാണ് താൻ ജനിച്ചത്. തന്നെ തേജോവധം ചെയ്യുന്നതിന് പിന്നില്‍ ആളുകളുണ്ട്. അതുസംബന്ധിച്ച്‌ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും സിവി ശാന്തകുമാർ പറഞ്ഞു.

അതേസമയം ലഘുലേഖയ്ക്ക് പിന്നില്‍ പിന്നില്‍ ചിറ്റയം ഗോപകുമാർ ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ലഘുലേഖയ്ക്ക് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രതിഷേധത്തെ തുടർന്ന് ഇവരെ വിട്ടയച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam