തിരുവനന്തപുരം: കെഎസ്‌ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനവും ബസുകളുടെ ശുചിത്വ പരിപാലനവും പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുവാൻ ഡിപ്പോകളില്‍ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാൻ ഉത്തരവ് നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ അറിയിച്ചു.
ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്തെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ആയിരിക്കും ഈ കമ്മിറ്റി.
ഡിപ്പോകളുടെ അടിസ്ഥാന സൗകര്യം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങള്‍, കാന്റീൻ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുക, ജനകീയ പങ്കാളിത്തവും തദ്ദേശ സഹകരണവും ഉറപ്പുവരുത്തുക, സ്‌പോണ്‍സർഷിപ്പ്, സി എസ് ആർ പൊതുജന സംഭാവനകള്‍ എന്നിവ വഴി അധിക വിഭവസമഹരണം നടത്തുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
പ്രാദേശിക എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഈ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രാദേശിക ലോകസഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ (പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ) ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡിലെ മെമ്പർ, നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി എം ഡി നാമനിർദേശം ചെയ്യുന്ന കെഎസ്‌ആർടിസിയുടെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കും. എംഎല്‍എയുടെ അഭാവത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തില്‍ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസർ ആയിരിക്കും കണ്‍വീനർ.
ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളും വികസിപ്പിക്കുക, ഡിപ്പോയുടെയും ബസ്സുകളുടെയും ശുചിത്വ പരിപാലനം ഉറപ്പാക്കുക, ബസ് സമയക്രമം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കോർപ്പറേഷന് ശുപാർശ നല്‍കുക, സ്‌പോണ്‍സർഷിപ്പ് സിഎസ്‌ആർ, പൊതുജന സംഭാവനകള്‍ എന്നിവ വഴി വിഭവസമാഹരണം നടത്തുക, ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, കാന്റീനകളുടെ നടത്തിപ്പ് മേല്‍നോട്ടവും ഗുണനിലവാരവും ഭക്ഷണ മേന്മയും ഉയർത്തുക, ക്രമക്കേടുകള്‍ക്കെതിരെ ജാഗ്രത പുലർത്തുക, യാത്രക്കാരുടെ ക്ഷേമപ്രവർത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് കമ്മറ്റികളുടെ അധികാരങ്ങളും ചുമതലകളും. സർവീസ് ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്മറ്റിയുടെ നിർദ്ദേശങ്ങള്‍ ഉപദേശക സ്വഭാവമുള്ളവ മാത്രമായിരിക്കും. ഈ വിഷയത്തില്‍ അന്തിമ തീരുമാനങ്ങള്‍ കോർപറേഷന്റെ അധികൃതരുടേത് ആയിരിക്കും.
ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്‌പോണ്‍സർഷിപ്പ്, സിഎസ്‌ആർ തുക എന്നിവ സ്വീകരിക്കും.
കോർപറേഷൻ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിർമാണ / അറ്റകുറ്റപ്പണികള്‍ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണം. ഈ കമ്മിറ്റികള്‍ കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്.ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണത്തോട കെഎസ്‌ആർടിസി പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് സർവീസ് മേഖലയായി അംഗീകരിക്കപ്പെടുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

