തിരുവനന്തപുരം: രത്തൻ കേല്‍ക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണെന്നും, മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശൻ.
നിരവധി വകുപ്പുകളില്‍ ഉദ്ദേഹം പദവികള്‍ വഹിക്കുകയും മികവ് പുലർത്തുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ ഇലക്ഷൻ ഓഫീസറുടെ ആ ഡ്യൂട്ടി അവസാനിച്ചു. സംസ്ഥാന സർക്കാർ നല്‍കുന്ന പാനലില്‍ നിന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിക്കുന്നത്. ആ പ്രത്യേക ജോലി അവസാനിച്ചാല്‍ ആ ഉദ്യോഗസ്ഥൻ അടുത്ത ദിവസം റിട്ടയർ ചെയ്യുകയാണോ വേണ്ടതെന്നും വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി കേല്‍ക്കർ ചുമതലയേറ്റത് വിവാദമായി മാറിയിരുന്നു. തെരഞ്ഞെടുപ്പില്‍ 'ഉദ്ദിഷ്ട കാര്യം സാധിച്ചതിനുള്ള ഉപകാരസ്മരണ'യാണ് ഇതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുകയുണ്ടായി.
രത്തൻ കേല്‍ക്കർ ഐടി സെക്രട്ടറി, എൻവയോണ്‍മെന്റ് സെക്രട്ടറി തുടങ്ങിയ നിരവധി ഉന്നത പദവികളില്‍ മികച്ച രീതിയില്‍ പ്രവർത്തിച്ച ആളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ കീഴില്‍ പ്രവർത്തിച്ചിട്ടുണ്ട്. ടാക്സസ് സെക്രട്ടറിയായും ജിഎസ്ടി കമ്മീഷണറായും അന്നത്തെ ധനകാര്യ മന്ത്രിയുടെ കീഴില്‍ പ്രവർത്തിച്ചിട്ടുണ്ട്. ആ എക്സ്പീരിയൻസ് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ നിയമിച്ചത്. താൻ ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ചീഫ് ഇലക്ടറല്‍ ഓഫീസറായതിനു ശേഷം ഉദ്യോഗസ്ഥർ മറ്റ് പദവികളിലേക്ക് നീങ്ങുന്നത് സാധാരണ കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ നളിനി നെറ്റോ ഇത്തരത്തില്‍ സിഇഒ ആകുകയും പിന്നീട് ഹോം മിനിസ്ട്രിയിലേക്കും, തുടർന്ന് ചീഫ് സെക്രട്ടറി പദവിയിലേക്കും എത്തിച്ചേർന്നിട്ടുണ്ടെന്നും സതീശൻ ഓർമിപ്പിച്ചു.
പസ്ചിമ ബംഗാളിലെ വിഷയവുമായി കേരളത്തിലെ പ്രശ്നത്തെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ ഗുരുതരമായ ആരോപണമാണ് തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും, സിപിഎമ്മും ഉന്നയിച്ചിരുന്നത്. വ്യാപകമായ തോതില്‍ എസ്‌ഐആറില്‍ നിന്ന് വോട്ടുകള്‍ നീക്കം ചെയ്തു എന്നതാണ് ഗുരുതരമായ ആരോപണം. എസ്‌ഐആറുമായി ബന്ധപ്പെട്ട് ആരെങ്കിലും ഇത്തരം ഒരു പരാതി രത്തൻ കേല്‍ക്കറെ സംബന്ധിച്ച് ആരെങ്കിലും ഉന്നയിച്ചിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അത്തരമൊരു പരാതി കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറെ കുറിച്ച് ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും വിഡി സതീശൻ ചോദിച്ചു. ബിജെപിക്കോ സിപിഎമ്മിനോ ഒരു പരാതിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സിഇഒ ആയി നിര്‍ദ്ദേശിച്ചത് എല്‍ഡിഎഫ് സർക്കാരായിരുന്നു എന്നും സതീശൻ ഓർമിപ്പിച്ചു.
യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ കേല്‍ക്കറാണോയെന്ന് മുഖ്യമന്ത്രി പരിഹാസരൂപേണ ചോദിച്ചു.

