Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ മണ്‍സൂണ്‍ എത്തുക ജൂണ്‍ രണ്ടിനോ? നാലിനും സാധ്യത; മെയ് 26 എന്ന പ്രവചനം പാളിയത് എന്തുകൊണ്ട്?

കേരളത്തില്‍ മണ്‍സൂണ്‍ എത്തുക ജൂണ്‍ രണ്ടിനോ? നാലിനും സാധ്യത; മെയ് 26 എന്ന പ്രവചനം പാളിയത് എന്തുകൊണ്ട്?

Samayam Malayalam 2 weeks ago

തിരുവനന്തപുരം: മെയ് 26ന് കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ (കാലവർഷം) എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും കാലവർഷം എത്തുന്നത് വൈകുകയാണ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതില്‍ മഴ ലഭിക്കുന്ന അന്തരീക്ഷമാണുള്ളത്. വരും ദിവസങ്ങളിലെ മഴ സാധ്യതകള്‍ മുന്നില്‍ കണ്ട് പല ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അയല്‍സംസ്ഥാനമായ കർണാടകയില്‍ മണ്‍സൂണ്‍ സാധ്യതകള്‍ ശക്തമാക്കി ഇടിമിന്നലോട് കൂടിയ മഴ എത്തിക്കഴിഞ്ഞു. ഇതോടെ കേരളത്തില്‍ എന്നാകും മണ്‍സൂണ്‍ എത്തുകയെന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. ജൂണ്‍ രണ്ടിനോ, നാലിനോ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുമെന്ന സൂചനകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഇത്തവണത്തെ മണ്‍സൂണില്‍ മഴയുടെ തോത് കുറവായിരിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ നല്‍കുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനം വർഷങ്ങളായി കാലവർഷം എത്തുമെന്നറിയപ്പെടുന്ന തീയതിക്ക് രണ്ട് ദിവസം മുൻപോ അതിന് ശേഷമോ മണ്‍സൂണ്‍ എത്തുന്നതാണ് പതിവ്. മെയ് 26ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രവചിച്ചിരുന്നു. എന്നാല്‍, പ്രവചനം തെറ്റിച്ച്‌ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തുന്നത് വൈകി.


ജൂണ്‍ ഒന്നുവരെ സംസ്ഥാനത്ത് മഴ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജൂണ്‍ ആദ്യത്തോടെ കേരളത്തില്‍ മണ്‍സൂണ്‍ എത്താനുള്ള സാധ്യതകളാണ് കാണുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മെയ് 27ലെ അറിയിപ്പ് പ്രകാരം അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ആൻഡമാൻ കടലിന്റെയും ഭാഗങ്ങളിലേക്ക് മണ്‍സൂണ്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. ഉത്തർ പ്രദേശിലെ ബന്ദയിലും മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ബ്രഹ്മപുരിയിലും ഈ ആഴ്ച ആദ്യം ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില 47.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ, മധ്യ, പടിഞ്ഞാറൻ ഇന്ത്യകളില്‍ തുടർച്ചയായി ഏഴ് മുതല്‍ എട്ട് ദിവസത്തേക്ക് കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടു.
തെക്കൻ സംസ്ഥാനങ്ങളില്‍ മഴയുടെ സാന്നിധ്യം തുടരുമ്പോള്‍ വടക്ക് ഭാഗത്തെ സംസ്ഥാനങ്ങള്‍ ചൂടിൻ്റെ ഭീഷണിയിലാണുള്ളത്.

ഇത്തവണ മഴ കുറഞ്ഞേക്കും


റിപ്പോർട്ടുകള്‍ പ്രകാരം ഇത്തവണത്തെ മണ്‍സൂണ്‍ ഘട്ടത്തില്‍ മഴ കുറവായിരിക്കും. കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമായിരിക്കാമെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ ഇന്ത്യയുടെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനവും നല്‍കുന്ന സമയമാണ്. 2026 ലെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ നല്‍കുമെന്നാണ് പ്രവചനമെങ്കിലും സാധാരണയിലും താഴെയാണ്.

മഴയുടെ തോത് കുറയാൻ കാരണം എന്ത്?


ഇത്തവണത്തെ മണ്‍സൂണില്‍ മഴയുടെ തോത് കുറയാൻ കാരണമായി പറയുന്നത് എല്‍ നിനോ പ്രതിഭാസമാണ്. എല്‍ നിനോ സാഹചര്യങ്ങള്‍ ജൂലൈ മാസത്തോടെ സജീവമാകാം. ഈ സാഹചര്യം സ്ഥിരമായ മഴയെ ആശ്രയിക്കുന്ന കർഷകരെ കാര്യമായി ബാധിക്കും. ഐഎംഡിയും സ്വകാര്യ കാലാവസ്ഥാ പ്രവചകരായ സ്കൈമെറ്റും ഈ അപകടസാധ്യത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം കർഷക കുടുംബങ്ങള്‍ക്ക് മണ്‍സൂണ്‍ നിർണായകമാണ്. നെല്ല്, പയർവർഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, കരിമ്പ് എന്നിവയുള്‍പ്പെടെയുള്ള ഖാരിഫ് വിളകളെല്ലാം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിതയ്ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam