Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊമേഡിയന്മാരുടെയും കോമാളികളുടെയും പാര്‍ട്ടി: രാഹുല്‍ ഗാന്ധിയുടെ വേദിയിലെ മോദി മിമിക്രിക്കെതിരെ ബിജെപി

കൊമേഡിയന്മാരുടെയും കോമാളികളുടെയും പാര്‍ട്ടി: രാഹുല്‍ ഗാന്ധിയുടെ വേദിയിലെ മോദി മിമിക്രിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദിയില്‍ വെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച്‌ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണി നടത്തിയ പരിപാടിയില്‍ പ്രതികരണവുമായി ബിജെപി നേതാക്കള്‍.

കൊമേഡിയന്മാരുടെയും കോമാളികളുടെയും പാർട്ടിയാണ് കോണ്‍ഗ്രസെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഇൻഡോറില്‍ വെച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയിലായിരുന്നു പുല്‍കിത് മണിയുടെ അനുകരണം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്തതായി ബിജെപി ആരോപിക്കുന്നു. സംഭവത്തെ വളരെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് പാർട്ടി.

മധ്യപ്രദേശിലെ ഇൻഡോറില്‍ വെച്ച്‌ നടന്ന വിദ്യാർത്ഥി സംവാദ പരിപാടിയിലാണ് പുല്‍കിത് മണിയുടെ കലാപരിപാടി നടന്നത്. അദ്ദേഹം സ്റ്റേജില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നിന്ന് മോദിയെ അനുകരിക്കുകയായിരുന്നു. ഇത് പരിഹസിക്കലാണെന്ന് ബിജെപി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദവും വിദേശനയവുമെല്ലാം പുല്‍കിത് മണി അനുകരിക്കുകയും പരിഹസിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളിലെ നേതാക്കളെ കെട്ടിപ്പിടിക്കുന്ന ശൈലിയും അവരോട് ഇടപെടുന്ന രീതിയുമെല്ലാം ആക്ഷേപഹാസ്യമായി സ്റ്റാൻഡപ് കൊമേഡിയൻ കാണിച്ചു.

പ്രധാനമന്ത്രിയുടെ അന്തരിച്ച മാതാവിനെ മോശമായി പരാമർശിച്ച്‌ അധിക്ഷേപിച്ചുവെന്നും, അതുകേട്ട് രാഹുല്‍ ഗാന്ധി ചിരിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസ് പാർട്ടി ഇപ്പോള്‍ കോമേഡിയൻമാരുടെയും ജോക്കർമാരുടെയും പാർട്ടിയായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമർശിച്ചു. കോണ്‍ഗ്രസ് പൂർണ്ണമായും തകർന്നുവെന്നും ഇനി തിരിച്ചുവരവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ധാർമ്മികമായ അധഃപതനത്തിന്റെ അറ്റത്താണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ ഒരു വേദി ഉപയോഗിച്ച്‌ പ്രധാനമന്ത്രിയുടെ പരേതയായ അമ്മയെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ സംസ്കാരമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മോദിയുടെ പ്രായമായ അമ്മയെ അധിക്ഷേപിച്ചവർക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുകയും അവർ പറഞ്ഞത് കേട്ട് ചിരിക്കുകയും ചെയ്തതായി ബിജെപി ദേശീയ വക്താവ് സിആർ കേശവൻ ആരോപിച്ചു. ഇത്തരം പെരുമാറ്റങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് യുവാക്കളുമായി കണക്‌ട് ചെയ്യാൻ സാധിക്കാത്തതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മമാരെ രാഷ്ട്രീയ വിഷയമാക്കരുതെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പ്രതികരണം. ഇത്തരം പെരുമാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിന് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam