Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മരണമൊഴികളില്‍ വൈരുദ്ധ്യം; ജോസ്ന വൻ തുക ചെലവഴിച്ച വഴി അവ്യക്തം

മരണമൊഴികളില്‍ വൈരുദ്ധ്യം; ജോസ്ന വൻ തുക ചെലവഴിച്ച വഴി അവ്യക്തം

കോട്ടയം: അയർക്കുന്നത്ത് കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരുടെ മരണമൊഴികളില്‍ വൈരുദ്ധ്യമെന്ന് റിപ്പോർട്ട്.

തോമസ് ഏബ്രഹാം, ഭാര്യ ജോസ്ന, മകള്‍ മരിയ തെരേസ തോമസ് എന്നിവരുടെ മൊഴികളിലാണ് വൈരുദ്ധ്യം. മകൻ അലൻ തോമസിന്റെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഡോക്ടര്‍മാർ ഇത് തടയുകയായിരുന്നു. അയർക്കുന്നം സ്റ്റേഷനിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജോസ്നയുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി അന്വേഷിക്കുന്നത്. ഇതില്‍ ഏറെ ദുരൂഹതകളുള്ളതായാണ് വിവരം. ജൂലൈ 13ന് ആത്മഹത്യ നടക്കുന്നതിന് മുമ്പ് ജോസ്ന നടത്തിയ പണമിടപാടുകളില്‍ പോലീസ് ദുരൂഹത കാണുന്നുണ്ട്. വലിയ സംഖ്യകള്‍ അടുത്ത ദിവസങ്ങളില്‍ ചെക്ക് ഉപയോഗിച്ച്‌ പിൻവലിച്ചിരുന്നു. അഞ്ച് ബാങ്കുകളില്‍ ജോസ്നയ്ക്ക് അക്കൗണ്ടുകളുണ്ടായിരുന്നു. ഈ അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

അടുത്തിടെ ജോസ്ന 10 ലക്ഷത്തോളം രൂപയുടെ സ്വർണവായ്പ എടുത്തിരുന്നു. ഈ പണം എങ്ങനെ ചെലവാക്കിയെന്നതും വ്യക്തമല്ല. വീട്ടില്‍ വലിയ ആഡംബര വസ്തുക്കളും മറ്റും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിട്ടിക്കായി ജോസ്ന പണം പിരിച്ചിരുന്നെങ്കിലും ഈ പണത്തിന്റെ ഉപയോഗം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്.

ഇതിനിടെ മേഖലയില്‍ പല രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്. സ്ഥലം എംഎല്‍എയും ഒരു മന്ത്രിയും ഈ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ബിജെപി ആരോപിക്കുന്നു. ജോസ്‌ന താല്‍ക്കാലിക ജോലി ചെയ്തിരുന്ന സ്ഥാപനം സംശയത്തിന്റെ നിഴലിലാണെന്ന് ആരോപണമുണ്ട്. ഇക്കാരണത്താലാണ് രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി സംശയം ഉയരുന്നതും.

പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് പുറത്തു വിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ധനകാര്യ സ്ഥാപനത്തിലെ പാസ്ബുക്കുകളും, മരണമൊഴിയും പുറത്തു വിടണമെന്നും ആവശ്യമുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ചാണ്ടി ഉമ്മൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

ജോസ്നയ്ക്ക് ചിട്ടി നടത്തിപ്പില്‍ ലക്ഷങ്ങളുടെ കടം ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ധനകാര്യ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്കു സംഭവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അധികൃതർ വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam