ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ നാളെ (ഏപ്രില്‍ 2) പെസഹാ ആചരിക്കും. കഷ്ടാനുഭവ ആഴച അഥവ വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പെസഹാ.
യേശു തന്റെ ശിഷ്യന്മാരുമായി അന്ത്യഅത്താഴം കഴിച്ചതിന്റെ ഓർമ്മ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹാ ആചരിക്കുന്നത്.
പെസഹാ ബൈബിള്‍ സ്റ്റോറി
പഴയ നിയമത്തിലെ പെസഹാ
വിശുദ്ധ വേദപുസ്തകത്തിലെ, പഴയ നിയമത്തില്‍ പെസഹായെ കുറിച്ച് പറയുന്നത്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള ഇസ്രായേല്‍ ജനതയുടെ യാത്രയെ അനുസ്മരിക്കുന്നതാണ്. ഇതിന്റെ ഓർമ്മക്കായിട്ടാണ് അന്ന് ജൂതന്മാർ പെസഹാ ആഘോഷിച്ചിരുന്നത്. പെസഹാ എന്ന വാക്കിന് "കടന്ന്പോക്ക്" (പാസ് ഓവർ) എന്നും അർത്ഥമുണ്ട്.
പുതിയ നിയമത്തിലെ പെസഹാ
പുതിയ നിയമത്തില്‍, യേശുക്രിസ്തുവിന്റെ അവസാന നാളുകളിലെ, കുരിശുമരണം, പുനരുത്ഥാനം എന്നിവയുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. തന്റെ കുരിശ് മരണത്തിന്റെ തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാരെയും കൂട്ടി അന്ത്യഅത്താഴം കഴിച്ചു. യേശു വിനിനാതനയി തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുകയും ചെയ്തു. ഇതിന്റെ ഓർമക്കായിട്ടാണ് ക്രൈസ്തവിശ്വാസികള്‍ പെസഹാ ആഘോഷിക്കുന്നത്.
പെസഹാ വ്യാഴാഴ്ച വിശ്വാസികള്‍ പള്ളികളില്‍ ഒരുമിച്ച് കൂടി പ്രാർത്ഥനകള്‍ നടത്തുകയും ഒരുമിച്ച് പെസഹാ അപ്പം മുറിക്കുകയും ചെയ്യും. കൂടാതെ അന്നേ ദിവസം ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടത്തുകയും ചെയ്യും.
പെസഹാ വ്യാഴത്തിലെ പ്രധാന ചടങ്ങുകള്‍
കാല്‍കഴുകല്‍ ശുശ്രൂഷ
അന്ത്യത്താഴത്തിന് മുൻപായി യേശു തന്റെ 12 ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓർമ്മക്കായിട്ടാണ് എല്ലാ വർഷവും പെസഹായുടെ ദിവസം കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടത്തുന്നത്. പെസഹാ വ്യാഴത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് ഇത്. ഇവിടെ യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നതിലൂടെ വിനയത്തിന്റെ മാതൃകയാണ് ജനങ്ങള്‍ക്ക് പകർന്ന് നല്‍കുന്നത്.
ഇതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ നിന്നും 12 പേരെ തിരഞ്ഞെടുത്തത്, പുരോഹിതൻ അവരുടെ കാലുകള്‍ കഴുകി ചുംബിക്കും. യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നതിലൂടെ വിനയത്തിന്റെയും എളിമയുടെയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്
വിശുദ്ധ കുർബാന സ്ഥാപനം
ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാന ചടങ്ങായ വിശുദ്ധ കുർബാന സ്ഥാപിച്ചതും പെസഹായുടെ ദിവസമാണ്. യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി തന്റെ ശിഷ്യന്മാർക്ക് കൊടുത്ത് കൊണ്ട് ഇത് എന്റെ ശരീരമാണെന്നും, വീഞ്ഞ് എടുത്ത് വാഴ്ത്തി ശിഷ്യന്മാർക്ക് നല്‍കികൊണ്ട് ഇത് എന്റെ രക്തമാണെന്നും പറഞ്ഞു. എന്റെ ഓർമക്കായി ഇത് നിങ്ങള്‍ ചെയ്യുവിൻ എന്നും പറഞ്ഞു.
പെസഹാ അപ്പവും പാലും
പെസഹാ വ്യാഴാഴ്ച വിശ്വാസികള്‍ വീടുകളിലും, ദേവാലയങ്ങളിലും 'പുളിപ്പില്ലാത്ത അപ്പം' ഉണ്ടാക്കാറുണ്ട്. ഇണ്ട്രി അപ്പം, കുരിശപ്പം, പെസഹാപ്പം എന്നും ഇത് അറിയപ്പെടും. അപ്പത്തോടൊപ്പം പെസഹാ പാലും ഉണ്ടാക്കാറുണ്ട്. പുളിക്കാത്ത മാവ് കൊണ്ട് ആണ് പെസഹാ ദിവസം അപ്പം ഉണ്ടാക്കുന്നത്. അതുപോലെ ഈ അപ്പം വീട്ടിലെ മുതിർന്ന ആളാണ് മുറിച്ച് എല്ലാവർക്കും കൊടുക്കുന്നത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam