കൊച്ചി: വീടുകള്‍ പൂട്ടി യാത്ര പോകുമ്പോള്‍ പലർക്കും ആധിയാണ്. അയല്‍വാസികളെ ഏല്‍പ്പിച്ചും മറ്റും യാത്രയ്ക്കൊരുങ്ങിയാലും വീടിന് പൂർണമായ ഒരു സുരക്ഷിതത്വമാകില്ല.
മഴക്കാലമാണെങ്കില്‍ കവർച്ചകളുടെ കാലം കൂടിയാണ്. ഇരുട്ടും മഴയും ചേരുന്നതോടെ കള്ളന്മാർക്ക് സ്വൈര്യവിഹാരത്തിന് സൗകര്യമായി. കല്ലെടുത്തെറിയുന്ന പോലത്തെ മഴയില്‍ വാതില്‍ കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പോലും അയല്‍വാസികള്‍ കേള്‍ക്കില്ല. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് കേരളോ പോലീസ് 'ലോക്ക്ഡ് ഹൗസ്' സേവനം തുടങ്ങിയത്.
വീട് പൂട്ടി പുറത്തുപോകുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക എന്നത് മാത്രമേ ചെയ്യേണ്ടതുള്ളൂ. അതിന് പോലീസ് സ്റ്റേഷനില്‍ പോവുകയോ, ഫോണ്‍ ചെയ്യുകയോ ഒന്നും വേണ്ട. പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്.
പോല്‍ ആപ്പ് എന്നാണ് പോലീസിന്റെ ഇത്തരം സേവനങ്ങള്‍ക്കുള്ള ആപ്പിന് പേര്. പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്‍റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.
ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം.
സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17 ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി കേരള പോലീസിന്‍റെ ഈ പോല്‍-ആപ്പ് (POL-APP) മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു.

