ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ സി ജോസഫ് വിജയ് മേക്കേദാട്ടു അണക്കെട്ട് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ എത്തിച്ചതോടെ ദേശീയതലത്തില്‍ ശ്രദ്ധയാകർഷിച്ച് പദ്ധതി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട വിജയ് നിർദിഷ്ട മേക്കെദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കാനുള്ള അനുമതി കർണാടക സർക്കാരിന് കേന്ദ്രം നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അനുമതി നല്‍കരുതെന്നാണ് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കർണാടക സർക്കാരിൻ്റെ നിർദിഷ്ട പദ്ധതി തമിഴ്നാട്ടിലെ കർഷകരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് വിജയ് പറഞ്ഞു.
എന്താണ് മേക്കേദാട്ടു അണക്കെട്ട് പദ്ധതി?
കർണാടക സർക്കാർ കാവേരി നദിക്ക് കുറുകെ നിർദേശിച്ചിരിക്കുന്ന ജലവൈദ്യുത - കുടിവെള്ള പദ്ധതിയാണിത്. ബംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതി ഉത്പാദനവുമാണ് പ്രധാന ലക്ഷ്യം. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് 14,000 കോടിയുടെ ഒരു നിർദിഷ്ട മള്‍ട്ടി പർപ്പസ് ബാലൻസിംഗ് റിസർവോയറാണ്. തമിഴ്‌നാട് അതിർത്തിയില്‍ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെ നിർദിഷ്ട പദ്ധതി നിർമിക്കാനാണ് കർണാടക സർക്കാർ നീക്കം നടത്തുന്നത്.
നിർമിക്കുന്നത് കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ട്?
മേക്കെദാട്ടു അണക്കെട്ടിന് ഏകദേശം 67.16 ടിഎംസി (ആയിരം ദശലക്ഷം ഘന അടി) വെള്ളം സംഭരിക്കാൻ ശേഷിയുണ്ടാകും. 99 മീറ്റർ ഉയരവും 735 മീറ്റർ നീളത്തിലുമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് നിമിക്കുക. 400 മെഗാവാട്ട് ജലവൈദ്യുത ഉത്പാദിപ്പിക്കാൻ രൂപകല്‍പ്പന ചെയ്ത ഒരു ഭൂഗർഭ പവർഹൗസും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പദ്ധതി തമിഴ്നാടിന് ഭിഷണിയാകുമോ?
മേക്കെദാട്ടു അണക്കെട്ട് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ നടപ്പാക്കാനുള്ള അനുമതി നല്‍കരുതെന്നാണ് വിജയ് ആവശ്യപ്പെടുന്നത്. പ്രദേശത്തെ കർഷകരെ പദ്ധതി ബാധിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. പദ്ധതി യാഥാർഥ്യമായാല്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നദിയുടെ ഒഴുക്കിനെ ബാധിക്കുമെന്നും ഇതോടെ അണക്കെട്ട് ജലസംഭരണിയായി മാറുമെന്നും ഇതോടെ കർണാടകയ്ക്ക് ജലപ്രവാഹത്തിന്മേല്‍ പൂർണ നിയന്ത്രണം ഉണ്ടാകുമെന്നും തമിഴ്നാട് വാദിക്കുന്നു. നിർദിഷ്ട പദ്ധതി നടപ്പാക്കിയാല്‍ കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന വാദം ശക്തമാണ്. കാവേരി വന്യജീവി സങ്കേതത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ 5,000 ഹെക്ടറിലധികം ഭൂമി വെള്ളത്തിനടിയിലായേക്കും. സംരക്ഷിത റിസർവ് വനങ്ങളും നിർണായക വന്യജീവി ആവാസ വ്യവസ്ഥകളും വെള്ളത്തിനടിയിലായേക്കും.
പദ്ധതി ബെംഗളൂരുവിന് നേട്ടമാകും
മേക്കെദാട്ടു അണക്കെട്ട് പദ്ധതി ഐടി നഗരമായ ബെംഗളൂരുവിലെ വെള്ളപ്രശ്നം പരിഹരിക്കുമെന്ന് കർണാടക വാദിക്കുന്നു. വളരെ വേഗത്തില്‍ വളരുന്ന ബെംഗളൂരു നഗരത്തിന് 4+ ടിഎംസി കുടിവെള്ളം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പദ്ധതി യാർഥാർഥ്യമായാല്‍ വെള്ളപ്രശ്നം പരിഹരിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. മേക്കേദാട്ടു പദ്ധതിയുടെ പുതുക്കിയ ഡിപിആർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ഡികെ ശിവകുമാർ അറിയിച്ചിട്ടുണ്ട്.

