Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും: കെസി വേണുഗോപാല്‍

മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും: കെസി വേണുഗോപാല്‍

Samayam Malayalam 3 weeks ago

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പതിമൂന്നാം വയസ്സില്‍ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്‍ക്കും. ജീവന്‍ പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും, യുഡിഎഫ് ഘടകക്ഷി നേതാക്കളും കൂട്ടായി പ്രവർത്തിച്ചു.

അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച്‌ കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എംപി അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച്‌ ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തിരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുല്‍ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കി. ഇന്ദിരാ ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലും പ്രചാരണത്തിലും കോണ്‍ഗ്രസ് പുലര്‍ത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam