പമ്പ: നിലയ്ക്കലിലെ എല്ലാ പാർക്കിങ് ഗ്രൗണ്ടുകളെയും കെഎസ്‌ആർടിസി ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് 24 മണിക്കൂറും സർക്കുലർ സർവീസുമായി കെഎസ്‌ആർടിസി.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായാണ് എല്ലാ പാർക്കിങ് ഗ്രൗണ്ടുകളെയും കെഎസ്‌ആർടിസി ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് സർക്കുലർ സർവീസുകള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കലിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്ത് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് അവിടെനിന്ന് കെഎസ്‌ആർടിസി ബസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പാർക്കിങ് ഗ്രൗണ്ടുകളില്‍ നിന്ന് ബസ് സ്റ്റേഷനിലേക്കും തിരിച്ചും ആവശ്യാനുസരണം യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് സർക്കുലർ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇതിലൂടെ ദൂരെയുള്ള പാർക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന ഭക്തർക്ക് ബസ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ സാധിക്കും. ഇതിനുപുറമെ, പമ്പ കെഎസ്‌ആർടിസി ബസ് സ്റ്റേഷനില്‍ നിന്ന് ത്രിവേണിയിലേക്ക് സൗജന്യ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനും പമ്പയിലെ ഗതാഗതക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ സേവനം ഏറെ സഹായകരമാകും.
ശബരിമല തീർഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് പരമാവധി യാത്രാസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആർടിസി ഈ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലില്‍ തന്നെ, പമ്പയിലില്ല
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പരിഗണനയിലില്ല. നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിങ് കേന്ദ്രം. നിലയ്ക്കല്‍ - പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്. അത് അങ്ങനെ തന്നെ തുടരും. നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുണ്ട്.പമ്പയില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദ്ദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നല്‍കിയിട്ടില്ല. വെർച്ചല്‍ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കല്‍ - പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ, നിലയ്ക്കല്‍ സ്പോട്ട് ബുക്കിങ് കേന്ദ്രത്തില്‍ എത്തി ബുക്കിങ് നടത്തിയ ശേഷം വേണം ദർശനത്തിനായി എത്താനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

