പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പില്‍.
സ്ഥാനാർഥിയെ മത്സരത്തില്‍ നിന്നും അയോഗ്യയാക്കണമെന്നാണ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ സഹിതം പണം കൊടുക്കുന്നത് കേരളം കണ്ടതാണ്. അത് കാണിക്കുന്ന വിഷ്വല്‍സിനെതിരെയാണ് അടിച്ച് മുഖം തിരിക്കുമെന്ന് സ്ഥാനാർഥി തന്നെ പറയുന്നത്. പാലക്കാട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ഉറപ്പാണ്, അങ്ങനെയാണ് പ്രതീക്ഷിക്കുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ് ബിജെപി തങ്ങളെയും സ്ഥാനാർഥിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ഥാനാർഥിക്ക് അയോഗ്യത കല്പിക്കേണ്ടതുണ്ട്. അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. പാവം ആ അമ്മയുടെ പുറകെ പോയ് അതിനെ പ്രയാസപ്പെടുത്തേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവർ കുറ്റക്കാരനാണ്. അവർക്കെതിരെയാണ് നടപടി ആവശ്യം. മനുഷ്യന്മാരുടെ പ്രയാസങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യാമെന്ന് കരുതുന്നവരാണ് കുറ്റക്കാർ. 'അമ്മ ക്യാഷ് വാങ്ങിയെന്നോ ഇല്ലെന്നോ ഞാൻ പറയാൻ താത്പര്യപ്പെടുന്നില്ല. അവരെ വെറുതെ വിടണമെന്നാണ് എന്റെ ആഗ്രഹം. - ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പില്‍ പരാജയം ബിജെപി മനസാലെ അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് നേരായ മാർഗത്തിലൂടെ വിജയിക്കില്ലെന്ന് വ്യക്തമായപ്പോള്‍ മറ്റുവഴികള്‍ തേടുന്നതെന്നും എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. സാധാരണരീതിയില്‍ ജനങ്ങള്‍ ബൂത്തില്‍ എത്തി വോട്ട് ചെയ്താല്‍ ബിജെപി പാലക്കാട് ജയിക്കില്ലെന്ന് എല്ലാവർക്കും വ്യക്തമായി എന്നും ഷാഫി പറഞ്ഞു.
നോർത്ത് ഇന്ത്യയില്‍ ശീലിച്ച രീതി പാലക്കാട് സ്വീകരിക്കാൻ കഴിയില്ലെന്ന് അവർ മനസിലാക്കണം. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല. നീലപ്പെട്ടി എന്തായി എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിന് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. അതുപോലെ ഇത് തെറ്റായ ആരോപണമാണെന്ന് പറയാൻ സാധിക്കില്ലെന്നും എംപി വ്യക്തമാക്കി.
അതേസമയം, പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തള്ളി. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തില്‍ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

