Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണവിപണിയില്‍ ക്രമക്കേട് നടത്തിയാല്‍ കുടുങ്ങും; മൊത്ത, ചില്ലറ വില നിരീക്ഷിക്കാന്‍ സ്‌ക്വാഡ്

ഓണവിപണിയില്‍ ക്രമക്കേട് നടത്തിയാല്‍ കുടുങ്ങും; മൊത്ത, ചില്ലറ വില നിരീക്ഷിക്കാന്‍ സ്‌ക്വാഡ്

Samayam Malayalam 3 weeks ago

തിരുവനന്തപുരം : ഓണക്കാലത്ത് മൊത്ത, ചില്ലറ വില്‍പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിക്കാൻ സ്‌ക്വാഡ് രംഗത്ത്.

മൊത്ത, ചില്ലറ വിലകളില്‍ അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാനാണ് സ്ക്വാഡിനെ രംഗത്തിറക്കിയതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്ന് മുതല്‍ ഓഗസ്റ്റ് 25 വരെയാണ് പ്രത്യേക പരിശോധന നടക്കുക.

ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ജില്ലാ, താലൂക്കുതല പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് പരിശോധന. പൊതുവിപണിയില്‍ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകളും മറ്റും പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കു തന്നെയാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്ന് സ്‌ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് വ്യാപാരിക്ക് നിര്‍ദ്ദേശം നല്‍കണം. സ്വകാര്യ അരി മില്ലുകള്‍ പരിശോധിച്ച്‌ വര്‍ധന അടക്കം വിലയിരുത്തണം.

മൊത്ത വ്യാപാരികള്‍ സ്റ്റോക്കും വിലയും അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. ചില്ലറ വ്യാപാരികളും വാങ്ങല്‍-വില്‍പ്പന ബില്‍/ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവര പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച്‌ കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബില്‍/ഇന്‍വോയ്സ് നല്‍കാതെ വില്‍പ്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

പരിശോധനാ വിവരങ്ങളും ക്രമക്കേടുകളും സ്വീകരിച്ച നടപടികളും സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത പ്രോഫോര്‍മയില്‍ എല്ലാ ദിവസവും ഗൂഗിള്‍ ഷീറ്റ് വഴി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. കരിഞ്ചന്ത പൂഴ്ത്തിവെപ്പ് അടക്കമുള്ള ഗുരുതര ക്രമക്കേടുകള്‍ രേഖകള്‍ സഹിതം പോലീസിനു കൈമാറി 1955 ലെ അവശ്യസാധന നിയമപ്രകരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam