ദുബായ്: സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുന്ന യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ വീണ്ടും മുന്നറിയിപ്പ് നല്‍കി.
ഫോണുകളിലേക്ക് വരുന്ന അജ്ഞാത ലിങ്കുകളില്‍ ഒരൊറ്റ തവണ ക്ലിക്ക് ചെയ്യുന്നത് പോലും വലിയൊരു സൈബർ ആക്രമണത്തിന് കാരണമാകുമെന്നും വിദഗ്ദ്ധർ അറിയിച്ചു.
ഈദ് അല്‍ അദ്ഹ സമയങ്ങളില്‍ യുഎഇയിലെ മിക്ക ആളുകളും ഓണ്‍ലൈൻ ഷോപ്പിങ്ങാണ് നടത്തുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൻ വർധനവാണ് യുഎഇയിലെ ഓണ്‍ലൈൻ ഷോപ്പിങ്ങില്‍ ഉണ്ടായത് അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഇന്നത്തെ കാലത്തെ ഓണ്‍ലൈൻ തട്ടിപ്പുകാർ ഉപകരണങ്ങളെയോ കമ്പ്യൂട്ടർ സിസ്റ്റങ്ങളെയോ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്.
പകരം മനുഷ്യരുടെ ചിന്തയെയും അവരുടെ പ്രതികരണങ്ങളെയുമാണ് കൂടുതലായും ലക്ഷ്യമിടുന്നത് അതിനാല്‍ ആകർഷകമായ തലക്കെട്ടുകളോടെ വരുന്ന വ്യാജ ലിങ്കുകള്‍, എഐ വ്യാജ വീഡിയോകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍, ലൈസൻസില്ലാത്ത ആപ്പുകള്‍ എന്നിവയെല്ലാം തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നു.
വലിയ സാങ്കേതിക വിദ്യകള്‍ ഒന്നും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അശ്രദ്ധയെ മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അറിയാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക, വ്യാജ വാർത്തകളും വിവരങ്ങളും മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക, സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴിയാണ് കൂടുതലായും തട്ടിപ്പിന് ഇരയാകുന്നത്.
അതിനാല്‍ എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കണം കൂടാതെ ചില മുൻകരുതലുകളിലൂടെ ഈ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ടു ഫാക്ടർ ഓതന്റിക്കേഷൻ, ആപ്പുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക എന്നിവ വഴി ഒരു പരിധി വരെ സുരക്ഷ ഉറപ്പാക്കാം.
ഒരു മെസ്സേജ് വന്നതുകൊണ്ട് മാത്രം ഫോണ്‍ ഹാക്ക് ചെയ്യപ്പെടാറില്ലെന്നും, മറിച്ച് അതില്‍ വരുന്ന ലിങ്കുകളില്‍ നമ്മള്‍ തൊടുമ്പോഴാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി. അതേസമയം ഓണ്‍ലൈൻ സുരക്ഷ എന്നത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനാല്‍ ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ ജാഗ്രതയോടെ ഇരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
യുഎഇയില്‍ ഓരോ വർഷവും നിരവധി ഓണ്‍ലൈൻ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിനാല്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച് യുഎഇ സൈബർ സുരക്ഷാ വകുപ്പും ദുബായ് പോലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊതുജനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഓണ്‍ലൈൻ തട്ടിപ്പുകള്‍ വ്യപകമായതോടെയാണ് ഇത്തരമൊരു കർശന മുന്നറിയിപ്പ് നല്‍കിയത്.

