ദുബായ്: ദുബായില്‍ ഇനി പള്ളികളിലും ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ വരുന്നു. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങളാണ് യുഎഇ ഒരുക്കുന്നത്.
നഗരത്തിലുടനീളമുള്ള പള്ളി പാർക്കിംഗുകളിലാണ്
ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
ഇത് സംബന്ധിച്ച് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ്, ഇമാറാത്ത് ഇവി ചാർജിംഗ് സ്റ്റേഷൻസ് കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. ഇതോടെ പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ സ്മാർട്ട് പദ്ധതിയാണ് യുഎഇ നടപ്പിലാക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക ദുബായുടെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ യുഎഇയില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ തിരക്കേറിയ നഗരങ്ങളില്‍ ചാർജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിലാണ് പള്ളികള്‍ കേന്ദ്രീകരിച്ച് ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൂടാതെ പള്ളികള്‍ നഗരങ്ങളിലും പ്രധാന റോഡുകളിലും ഉള്ളതിനാല്‍ ചാർജിംഗ് പോയിന്റുകള്‍ ഇനി എല്ലാവർക്കും വേഗത്തില്‍ കണ്ടെത്താം. നമസ്കാര സമയത്തോ പള്ളിയില്‍ എത്തുന്ന മറ്റ് സന്ദർഭങ്ങളിലോ വാഹനം ചാർജ് ചെയ്യാനും ഇത് വഴി സാധിക്കും.
അതേസമയം എട്ട് വർഷത്തേക്കാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതനുസരിച്ച് ദുബായിലെ തിരഞ്ഞെടുത്ത പള്ളികളില്‍ ആധുനിക രീതിയിലുള്ള ചാർജിംഗ് പോയിന്റുകള്‍ യുഎഇവി സ്ഥാപിക്കുമെന്നാണ് വ്യക്തമാക്കിയത്. ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം സ്മാർട്ട് സംവിധാനങ്ങള്‍ വഴി 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യും.
കൂടാതെ സ്മാർട്ട് പേയ്‌മെന്റ് സംവിധാനങ്ങള്‍ വഴി വളരെ വേഗത്തില്‍ ചാർജിംഗ് തുക അടയ്ക്കാനുള്ള സൗകര്യമുണ്ടാകും കുറഞ്ഞ സമയത്തിനുള്ളില്‍ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും വ്യക്തമാക്കി. ദുബായിലെ പള്ളികളെ വെറുമൊരു ആരാധനാലയം എന്നതിലുപരി ഒരു കമ്മ്യൂണിറ്റി ഹബ്ബായി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

