പാലക്കാട്: കേരളം പവർകട്ടില്‍ വലയുമ്പോള്‍ ജലവൈദ്യുതി നിലയത്തിലേക്ക് വെള്ളമെത്താൻ അനുവദിക്കാതെ തിരുമൂർത്തി അണക്കെട്ടിലേക്ക് തിരിച്ചുവിട്ട് തമിഴ്നാട്.
പാലക്കാട് സർക്കാർപതി ജലവൈദ്യുതി നിലയത്തിലേക്ക് എത്തേണ്ട വെള്ളമാണ് തിരുമൂർത്തി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നത്. ഇതിനായി തമിഴ്നാട് നേരത്തേ തന്നെ കനാല്‍ നിർമിച്ചിട്ടുണ്ട്. മണക്കടവ് വിയർ വഴി കേരളത്തിലേക്ക് 571 ദശലക്ഷം ഘനയടി വെള്ളം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ 266 ദശലക്ഷം ഘനയടി വെള്ളം മാത്രമേ എത്തിയിട്ടുള്ളൂ. ഇതിന് കാരണം വെള്ളം തമിഴ്നാട് തിരിച്ചു വിടുന്നതാണെന്നാണ് വിവരം.
കോണ്ടൂർ കനാല്‍ വഴിയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. മണക്കടവ് വിയർ വഴി കേരളത്തിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് എല്ലാ വർഷവും നിശ്ചിത അളവില്‍ കുറവാണ്. 2024ലും കേരളത്തിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറവായിരുന്നു. പാലക്കാട് ജില്ലയിലും ജനങ്ങള്‍ കാർഷിക വൃത്തിക്ക് ഏറെ ആശ്രയിക്കുന്നത് പറമ്പിക്കുളം അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമാണ്. വേനലില്‍ പലപ്പോഴും ഇവിടെ നിന്നുള്ള വെള്ളം കിട്ടാതെ കർഷകർ വലയാറുണ്ട്.
അണക്കെട്ടുകളെ ആശ്രയിച്ച് 19322 കർഷകരും 23475 ഹെക്ടർ നെല്‍ക്കൃഷിയും പാലക്കാട് നടക്കുന്നുണ്ട്. ചിറ്റൂർ പുഴ, മീങ്കര, ചുള്ളിയാർ, അണക്കെട്ടുകളെ ആശ്രയിച്ചാണ് ഇവ മിക്കതും നടക്കുന്നത്. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ലഭിക്കേണ്ട വെള്ളം കേരളത്തിന് ലഭിക്കാറില്ല. തമിഴ്നാട്ടിലെ വരള്‍ച്ച ചൂണ്ടിക്കാട്ടിയാണ് ആവശ്യത്തിന് ജലം നല്‍കാൻ തമിഴ്നാട് വിസമ്മതിക്കാറുള്ളത്.
കഴിഞ്ഞ സീസണിലേതിനെക്കാള്‍ വെള്ളം കുറവാണ് ഇത്തവണ അണക്കെട്ടുകളിലുള്ളത്. തമിഴ്നാട് സർക്കാരുമായി ഇത്തരം വിഷയങ്ങളില്‍ പുതിയ സർക്കാർ ഇതുവരെ ചർച്ചകള്‍ക്ക് തുടക്കമിട്ടിട്ടില്ല. രണ്ട് സംസ്ഥാനത്തും പുതിയ സർക്കാരുകളാണ് നിലവിലുള്ളത്. തമിഴ്നാട്ടിലെ വിജയ് സർക്കാർ ജലം സംബന്ധിച്ച വിഷയങ്ങളില്‍ എന്ത് നിലപാടെടുക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ കേരള സർക്കാരുമായി ചർച്ചയുടെയും സമവായത്തിന്റെയും മാർഗ്ഗമാണ് സ്വീകരിച്ചിരുന്നത്. ഇതേ നിലപാടായിരിക്കുമോ വിജയ്‌യുടേത് എന്ന് വ്യക്തമല്ല.
നടപ്പ് വർഷം കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ജലപ്രശ്നമുണ്ട്. മണ്‍സൂണ്‍ മഴയുടെ കുറവാണ് പ്രശ്നം. എല്‍ നിനോ പ്രതിസന്ധി മൂലം മിക്ക സംസ്ഥാനങ്ങളിലും ചൂടും വരള്‍ച്ചാ സാഹചര്യങ്ങളുമാണ്. ഇതിനാല്‍ തന്നെ തമിഴ്നാട് കൂടുതല്‍ കർക്കശമായ നിലപാട് വെള്ളത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. പ്രത്യേകിച്ച്, പശ്ചിമഘട്ട ജില്ലകളില്‍ വിജയ്‌യുടെ പാർട്ടിക്ക് പൊതുവെ ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍. മുല്ലപ്പെരിയാർ പ്രശ്നമടക്കം ഉന്നയിച്ചാണ് വിജയ് ഈ ജില്ലകളില്‍ നേട്ടമുണ്ടാക്കിയത്.

