തിരുവനന്തപുരം: പേവിഷബാധയേറ്റെന്ന് സംശയിക്കുന്നയാള്‍ വിഭ്രാന്തിയില്‍ ആംബുലൻസിന്റെ ചില്ല് തകർത്ത് ഓടി. തിരുവനന്തപുരത്ത് 108 ആംബുലൻസില്‍ നിന്ന് ഇറങ്ങി ഓടിയ രോഗിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആംബുലൻസില്‍ നിന്നിറങ്ങി ഓടിയ രാജേന്ദ്രൻ ഓടയില്‍ വീഴുകയായിരുന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന്‍ പിന്നീട് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അതെസമയം രാജേന്ദ്രനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആംബുലൻസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആംബുലൻസിലെ ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ചാണ് രാജേന്ദ്രൻ വാഹനത്തിന്റെ ചില്ല് തകർത്തത്. വാഹനത്തില്‍ കയറ്റിയ സമയം മുതല്‍ക്കേ രാജേന്ദ്രനെ നിയന്ത്രിക്കാൻ പ്രയാസപ്പെടുകയായിരുന്നു ജീവനക്കാർ.
കഴിഞ്ഞ ദിവസം മുതല്‍ക്ക് രാജേന്ദ്രൻ പേവിഷ ബാധയുടേതെന്ന് കരുതുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. ഇന്ന് പുലർച്ചെ നാലരയോട് കൂടിയാണ് ബന്ധുക്കള്‍ 108 ആംബുലൻസിനെ വിളിച്ചത്. രാജേന്ദ്രൻ എന്നയാള്‍ വെള്ളം കണ്ടാല്‍ പരിഭ്രമിക്കുന്നു എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ആംബുലന്‍സ് സര്‍വീസില്‍നിന്ന് ജീവനക്കാരെത്തി. ബലപ്രയോഗത്തിലൂടെയാണ് രാജേന്ദ്രനെ വാഹനത്തില്‍ കയറ്റിയത്. ഏതാണ്ട് അഞ്ചുമണിയോടെ 108 ആംബുലൻസ് നെയ്യാറ്റിൻകരയില്‍ നിന്ന് രാജേന്ദ്രനുമായി പുറപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള ഈ യാത്ര എളുപ്പമായില്ല. രോഗി ആംബുലൻസിസ് ജീവനക്കാരെ ആക്രമിക്കാൻ തുടങ്ങി.
ആളെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന സ്ഥിതി വന്നപ്പോള്‍ ആംബുലൻസ് ജീവനക്കാർ പോലീസിനെ വിളിച്ചു. തുടർന്ന് വാഹനം നിർത്തി. ഈ സമയത്താണ രാജേന്ദ്രൻ ആംബുലൻസിന്റെ ചില്ല് തകർത്തത്. പിടികൂടാനെത്തിയ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ബന്ധുക്കള്‍ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ രാജേന്ദ്രനെ നിയന്ത്രിക്കാനായില്ല.
വിഭ്രാന്തിയില്‍ ഓടുന്നതിനിടയില്‍ ദേശീയപാതയുടെ പണി നടക്കുന്ന ഓടയ്ക്ക് അടുത്തുള്ള ഓടയിലേക്ക് രാജേന്ദ്രൻ വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാജേന്ദ്രൻ ഓടുന്നതും പിന്നാലെ ആംബുലൻസ് ഡ്രൈവർ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. രാജേന്ദ്രനെ പിന്നീട് മരിച്ച നിലയിലാണ് ഓടയില്‍ നിന്ന് കണ്ടെടുത്തത്.
എങ്ങനെയാണ് പേവിഷബാധയുണ്ടായത് എന്നത് ഇനിയും വ്യക്തമല്ല. രാജേന്ദ്രൻ തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി കടിയോ പോറലോ ഏറ്റിരിക്കാമെന്നാണ് അനുമാനം. ഒരാഴ്ച മുമ്പു തന്നെ രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ചില അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ സ്ഥലത്തെ ആയുർവേദ ആശുപത്രിയില്‍ കാണിക്കുകയും ചെയ്തു. വട്ടവിള ജംഗ്ഷനില്‍ വെച്ചും രാജേന്ദ്രൻ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു.
രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

