Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്‌; അന്ന് മുത്തങ്ങയില്‍ നടന്നതെന്ത്?

പോലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്‌; അന്ന് മുത്തങ്ങയില്‍ നടന്നതെന്ത്?

ല്‍പ്പറ്റ: 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ സമരത്തിനു നേർക്ക് സംസ്ഥാന പോലീസ് നടത്തിയ നീക്കത്തിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ വിധി പറയുക.

എകെ ആന്റണിയുടെ ഭരണകാലത്താണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടന്നത്. ഇതിനെ അടിച്ചമർത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സമരക്കാർക്കു നേരെ 2003 ഫെബ്രുവരി 19ന് പൊലീസ് വെടിയുതിര്‍ത്തു. ഈ സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായിരുന്ന വിനോദ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പില്‍ ആദിവാസി യുവാവായ ജോഗിയും കൊല്ലപ്പെട്ടിരുന്നു. കുടിലുകള്‍ക്ക് പോലീസ് തീയിട്ടു. സ്ത്രീകളും കുട്ടികളുമെല്ലാം ആക്രമണത്തിനിരയാകുകയും പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പിനെ സമരക്കാര്‍ പ്രതിരോധിച്ചത് അമ്പും വില്ലും വടികളും ഉപയോഗിച്ചായിരുന്നു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്.

വിനോദ് കൊല്ലപ്പെട്ട കേസില്‍ 53 ആദിവാസികളാണ് പ്രതികള്‍. ഇതില്‍ 38 പേർ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. മിക്ക പ്രതികളും നിലവില്‍ വൃദ്ധരാണ്.

വിനോദിനെ ആദിവാസികള്‍ വെട്ടിക്കൊന്നും എന്നാണ് സിബിഐ അന്വേഷണം ഒടുവിലെത്തിയ കണ്ടെത്തല്‍. ജോഗി ഉള്‍പ്പെടെയുള്ളവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയെന്നും സിബിഐ കണ്ടെത്തി. കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. ഒരു കുടിലിലാണ് തടവിലാക്കിയത്. തടവില്‍ വെച്ചാണ് വിനോദിനെ കൊലപ്പെടുത്തിയത്.

എന്നാല്‍ കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്ന് പ്രതിഭാഗം വാദിക്കുന്നു. നിലവില്‍ ഇതില്‍ സാക്ഷി പറഞ്ഞവരെല്ലാം കുടിലില്‍ നിന്ന് അകലെയായിരുന്നു. തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും നടക്കുകയായിരുന്നു. ഇതിന്റെ പുക മൂലം അവിടെ നടന്നത് ആർക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് വാദിച്ചു.

സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസത്തോളമാണ് മുത്തങ്ങ സമരം നടന്നത്. സംസ്ഥാനത്ത് പട്ടിണി കിടന്ന് ആദിവാസികള്‍ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു ഈ സമരം. 2001 ആഗസ്റ്റില്‍ ആദിവാസികള്‍ സമരം തുടങ്ങി. മുഖ്യമന്ത്രി എകെ ആന്റണിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തി. സമരം അവസാനിപ്പിക്കാൻ ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് പുനരധിവാസ നടപടികളും വിതരണം ചെയ്യാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാൻ ആന്റണി സർക്കാർ തയ്യാറായില്ല. ഇതെത്തുടർന്നാണ് ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യാൻ തീരുമാനിച്ചത്. 1980കളില്‍ മുത്തങ്ങയില്‍ നിന്ന് ആദിവാസികളെ നിർബന്ധിച്ച്‌ പുറത്താക്കിയിരുന്നു. ഇവർക്ക് മറ്റൊരു സൗകര്യവും ചെയ്തു നല്‍കാതെയായിരുന്നു പുറത്താക്കല്‍. കാറ്റാടി മരങ്ങളുടെ പ്ലാന്റേഷന് വേണ്ടിയായിരുന്നു ഈ പുറത്താക്കല്‍.

കുടില്‍ കെട്ടിയുള്ള സമരം ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിക്കുകയായിരുന്നു. എകെ ആന്റണി തന്നെയായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പ്രതിഷേധത്തിനിടെ കേരള പോലീസ് 18 റൗണ്ടാണ് വെടിയുതിർത്തത്. സർക്കാരിന്റെ കണക്കില്‍ വെടിവെപ്പിലും തുടർന്നുണ്ടായ സംഭവങ്ങളിലും അഞ്ച് പേർ മരിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam