Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയത്തിന് മുമ്പും ശേഷവും; നേപ്പാളില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍

പ്രളയത്തിന് മുമ്പും ശേഷവും; നേപ്പാളില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍

കാഠ്മണ്ഡു: നേപ്പാള്‍ - തിബറ്റ് അതിർത്തിയിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ രൂക്ഷത വെളിവാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.

തിബറ്റുമായി നേപ്പാള്‍ അതിർ‌ത്തി പങ്കിടുന്ന മേഖലയിലെ പ്രളയത്തിനു മുമ്പും ശേഷവുമുള്ള അവസ്ഥയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു നഗരമേഖലയാകെ പൂർണമായും മണ്ണിനടിയിലായ ഭീതിതമായ സ്ഥിതി ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. പ്രളയജലം ഒഴുകിപ്പോയതിന്റെ അരികുകളില്‍ ചില കെട്ടിടങ്ങള്‍ നില്‍ക്കുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം മണ്ണിനടിയില്‍ പോയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ പർവതമേഖലയില്‍ മഞ്ഞുപാളികള്‍ അതിവേഗം ഉരുകിയിരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഉയർന്ന താപനില മൂലമായിരിക്കാം എന്നാണ് കരുതുന്നത്. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ആഗോളതാപനമാണ് അടിസ്ഥാനകാരണമെന്ന് അനുമാനിക്കുന്നു. മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകുന്നത് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായാണ് അനുമാനം.

പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 5,200 മീറ്റർ ഉയരത്തിലുള്ള ഒരു ഹിമാനിയുടെ താഴ്ഭാഗം തകർന്ന് 1,200 മീറ്റർ താഴെയുള്ള താഴ്‌വരയിലേക്ക് പതിച്ചതാണ് പ്രളയത്തിന് കാരണമായത്. ഈ ഹിമാനി തകർച്ചയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഭൂകമ്പമാണെന്ന തെറ്റിദ്ധാരണ ഉയർത്തിയത്. കൂടാതെ അതിവേഗം പ്രളയജലം കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്ദങ്ങളും പ്രകമ്പനങ്ങളും ഭൂകമ്പമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കി. മഞ്ഞും പാറകളും ഇടിഞ്ഞുവീണതിന്റെ ആഘാതത്തിലാണ് ഈ പ്രകമ്പനം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കല്‍ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്.

അതെസമയം ഹിമാനി ദുരന്തത്തിന്റെ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് ഇന്ത്യയടക്കമുള്ള നപ്പാളിന്റെ അയല്‍ രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ചൈന, നേപ്പാള്‍ അതിർത്തികളോട് ചേർന്നുള്ള ഹിമാലയൻ മേഖലകളില്‍ ഇന്ത്യ ഹിമാനി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ മേഖലകളിലും സമാനമായ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഈ ജാഗ്രത.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡില്‍ എല്ലാ ഹിമാനികളും ഹിമ തടാകങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു ഉത്തരവ് ദുരന്തനിവാരണ മന്ത്രി മദൻ കൗശിക് പുറത്തിറക്കിയിട്ടുണ്ട്. ദുരന്തം നടന്ന തിബറ്റ് - നേപ്പാള്‍ അതിർത്തിയിലേതിന് സമാനമായ ഭൂപ്രകൃതിയാണ് ഉത്തരാഖണ്ഡിലുള്ളത്. സമാനമായ അപകട സാഹചര്യങ്ങള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും രൂപപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ മാത്രം 1,266 ഹിമാനി തടാകങ്ങള്‍ നിലവിലുണ്ടെന്നാണ് സർക്കാർ കണക്കുകള്‍. ഏറ്റവും പരിസ്ഥിതിലോലമായ മേഖലകളാണ് ഇവയെല്ലാം.

അതെസമയം നേപ്പാളിലും തിബറ്റിലുമായി ഇതുവരെ 633 പേർ മരിച്ചതായാണ് കണക്ക്. ഏകദേശം 3,000 പേരെ കാണാതായതായും റിപ്പോർട്ടുകള്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam