ദുബായ്: ഇത്തവണത്തെ വേനല്‍ക്കാല അവധിക്ക് യുഎഇയില്‍ നിന്ന് ആയിരക്കണക്കിന് താമസക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നത്.
എന്നാല്‍ ഈ യാത്രയില്‍ എല്ലാവരും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. ലോകത്ത് എംബോള, ഹാൻറ്റ വൈറസ് പോലുള്ളവ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ ജാഗ്രത നിർദേശം നല്‍കിയത്.
യുഎഇയില്‍ നിന്നുള്ള യാത്രക്കാർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഔദ്യോഗിക യാത്രാ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും യുഎഇ ആരോഗ്യ വിദഗ്ധർ കർശനമായി അറിയിച്ചിട്ടുണ്ട്. കൂടാതെ യാത്ര പുറപ്പെടുന്നതിന് മുന്നേ പോകുന്ന സ്ഥലങ്ങളിലെ ആരോഗ്യ അപ്‌ഡേറ്റുകള്‍ അറിഞ്ഞിരിക്കണമെന്നും എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടനടി ചികിത്സ തേടണമെന്നും വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇബോള, ഹാന്റവൈറസ് കേസുകള്‍ ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കിയത്. കൂടാതെ ഈ സാഹചര്യങ്ങള്‍ ആരോഗ്യ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം യുഎഇയിലെ നിലവിലെ സ്ഥിതി സുരക്ഷിതമാണെന്നും ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അറിയിച്ചു
രാജ്യത്തെ യാത്രക്കാർക്കായി നേരത്തെ തന്നെ അധികൃതർ ജാഗ്രത നിർദേശങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ എല്ലാ സംവിധാനങ്ങളും മുൻകരുതല്‍ നടപടികളും അതീവ സജീവമായി തന്നെ തുടരുകയാണ്. കൂടാതെ ഓരോ നീക്കങ്ങളും വിലയിരുത്തിക്കൊണ്ട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ യുഎഇയുടെ സജ്ജമാണ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻകരുതലുകളുടെ ഭാഗമായി എബോള ശക്തമായി നിലനില്‍ക്കുന്ന ഉഗാണ്ട, കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് യുഎഇ അഭ്യർത്ഥിച്ചു. വിമാനത്താവളങ്ങള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, രാജ്യത്തേക്കുള്ള അതിർത്തികള്‍ എന്നിവടങ്ങളിലെല്ലാം ശക്തമായ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.
അതേസമയം എബോള വൈറസ് വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പടരുന്ന ഒന്നല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. പൊതുഗതാഗതത്തില്‍ ഒരാളുടെ അടുത്തിരുന്നതുകൊണ്ടോ, വിമാനത്താവളങ്ങളിലൂടെയോ ഷോപ്പിംഗ് മാളുകളിലൂടെയോ കടന്നുപോയതുകൊണ്ടോ ഈ രോഗം ഒരിക്കലും പടരില്ല.
കൂടാതെ രോഗലക്ഷണങ്ങളുള്ള ഒരു വ്യക്തിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടായാല്‍ മാത്രമേ എബോള വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ അതിനാല്‍ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അറിയിച്ചു. ഹാന്റവൈറസ് പോലുള്ള മറ്റ് ആരോഗ്യ സാഹചര്യങ്ങളെ യുഎഇ കൃത്യമായി നിരീക്ഷിച്ച് വരികയാണ്.
ഇനി യാത്രയ്ക്ക് ശേഷം എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത്തിയാല്‍ ഈ മാറ്റങ്ങളെ നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി, കഠിനമായ ക്ഷീണം, പേശി വേദന, തലവേദന, തൊണ്ടവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് എബോളയുടെ ലക്ഷണങ്ങള്‍.
അതിനാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടന്ന് തന്നെ വൈദ്യസഹായം തേടണമെന്നും വ്യക്തമാക്കി. കൂടാതെ മലേറിയ, ടൈഫോയ്ഡ്, മെനിഞ്ചൈറ്റിസ് തുടങ്ങിയ സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുള്ളതിനാല്‍ ചികിത്സ തേടുമ്പോള്‍ കൃത്യമായ യാത്രാ മാപ്പ് ഡോക്ടറോട് പറയുന്നത് നല്ലതായിരിക്കും.

