Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, കാല്‍തൊട്ട് വന്ദിച്ച്‌ ഡികെ ശിവകുമാര്‍; കര്‍ണാടകയില്‍ നേതൃമാറ്റം

രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, കാല്‍തൊട്ട് വന്ദിച്ച്‌ ഡികെ ശിവകുമാര്‍; കര്‍ണാടകയില്‍ നേതൃമാറ്റം

Samayam Malayalam 2 weeks ago

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കാനുള്ള തീരുമാനം മന്ത്രിമാരെ അറിയിച്ചു. കർണാടക കോണ്‍ഗ്രസ് സർക്കാരില്‍ നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യ സ്ഥാനമൊഴിയുന്ന വിവരം മന്ത്രിമാരെ അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിനിടെയാണ് സിദ്ധരാമയ്യ മന്ത്രിമാരെ വിവരമറിയിച്ചത്. സിദ്ധരാമയ്യയുടെ പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയേക്കും.

താൻ സ്ഥാനമൊഴിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാതഭക്ഷണ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗവർണർ തവാർചന്ദ് ഗെലോട്ട് ബെംഗളൂരുവില്‍ ഇല്ലെങ്കിലും രാജി നടപടികള്‍ മുന്നോട്ട് പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സിദ്ധരാമയ്യ രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേന്ദ്ര നേതൃത്വവുമായി സിദ്ധരാമയ്യ വൈകാതെ ചർച്ചകള്‍ നടത്തും. തുടർന്നാകും പ്രഖ്യാപനമുണ്ടാകുക.


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിന് ശേഷം ഡികെ ശിവകുമാർ സിദ്ധരാമയ്യയുടെ കാല്‍തൊട്ട് വന്ദിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചേരിതിരിഞ്ഞുനില്‍ക്കുന്ന സമീപനം ഉപേക്ഷിച്ച്‌ ഡികെ ശിവകുമാറിന് പരിപൂർണ പിന്തുണ നല്‍കണമെന്ന് അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ പ്രഭാതഭക്ഷണ യോഗത്തിനിടയായിരുന്നു നാടകീയ സംഭവങ്ങള്‍.


ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത്. അതേസമയം, ഡികെ ശിവകുമാറിന്റെ വസതിക്ക് പുറത്ത് അനുയായികള്‍ ഒത്തുകൂടി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ആഘോഷത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും തലസ്ഥാനത്ത് നിരവധി യോഗങ്ങള്‍ തുടർന്നു.


മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സിദ്ധരാമയ്യയെ പുറത്താക്കുന്നത് കർണാടക കോണ്‍ഗ്രസിനെ രാഷ്ട്രീയമായി പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും ബിജെപി എംപിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് എസ് ബൊമ്മൈ പറഞ്ഞു. കർണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെ സംസാരിച്ച ബൊമ്മൈ, സിദ്ധരാമയ്യയെ മാറ്റുന്നത് കോണ്‍ഗ്രസ് നേതൃത്വം ഒബിസി സമുദായങ്ങളോടുള്ള വഞ്ചനയായി കാണുമെന്ന് ആരോപിച്ചു.

"ഇത് കോണ്‍ഗ്രസ് പാർട്ടിയിലും കർണാടകയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തും. പ്രത്യേകിച്ച്‌ പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെതിരെ നീങ്ങും, ഇത് കോണ്‍ഗ്രസ് പാർട്ടി, പ്രത്യേകിച്ച്‌ രാഹുല്‍ ഗാന്ധി, പിന്നോക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണ്" - എന്ന് ബൊമ്മൈ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam