കേരള ക്രിക്കറ്റ് ലീഗ് 2026 ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇന്നലെ കൊച്ചി ബ്ലൂ ടെെഗേഴ്സിന്റെ സഹ ഉടമയായ ക്രിസ് ഗെയ്ല്‍ കേരളത്തിലേക്കെത്തിയത് ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു.
ലോക ടി20 ക്രിക്കറ്റ് ഇതിഹാസമായ ക്രിസ് ഗെയ്ല്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെയടക്കം പ്രശംസിച്ച് ആരാധകരുടെ കെെയടിയും നേടിയാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.
ശ്രീശാന്തടക്കം ഗെയ്ലിനൊപ്പം ഇന്നലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ ക്രിസ് ഗെയ്ല്‍ എത്തിയിട്ടും സഞ്ജു സാംസണ്‍ ഗെയ്ലിനൊപ്പം ആ പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ല. കെസിഎല്ലിന്റെ ഐക്കണ്‍ താരമായ സഞ്ജു സാംസണ് ഗെയ്ല്‍ എത്തിയിട്ടും എന്തുകൊണ്ടാണ് ആ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നതാണ് ആരാധകർ ചോദിക്കുന്നത്.
സഞ്ജു കൂടി ആ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കില്‍ മറ്റൊരു തലത്തിലേക്ക് ആവേശം ഉയരുമായിരുന്നു. ഗെയ്ല്‍ സഞ്ജു എവിടെയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സഞ്ജു ഇല്ലെങ്കിലും സഞ്ജുവിന്റെ ചേട്ടൻ ഇവിടെ ഉണ്ടല്ലോയെന്നും ഞങ്ങളുടെ ക്യാപ്റ്റനാണ് സാലി സാംസണെന്നും ഗെയ്ല്‍ പറഞ്ഞു. സഞ്ജു ആ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ്.
ക്രിസ് ഗെയ്ല്‍ എന്ന് വരുമെന്ന കാര്യത്തില്‍ നേരത്തെ തീരുമാനം ഇല്ലായിരുന്നു. സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ ലഭിച്ച ഇടവേളകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു സാംസണ് ഗെയ്ല്‍ കേരളത്തിലെത്തിയ പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
സഞ്ജു വെെകാതെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കിലേക്ക് പോകും. ഇന്ത്യയുടെ അഫ്ഗാൻ ടി20 പരമ്പര വരാനിരിക്കുകയാണ്. പിന്നാലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റും വരാനുണ്ട്. ഇതില്‍ നിലവില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷം സഞ്ജുവിന് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കിലേക്ക് പോകേണ്ടി വരുമെന്നുറപ്പാണ്.
കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ശ്രീശാന്ത് പറഞ്ഞതുപോലെ മോഹൻ ലാലിന്റെ നീ പോടാ മോനെ ദിനേശാ എന്ന ഡയലോഗ് അനുകരിച്ച് ഗെയ്ല്‍ കെെയടി നേടിയിരുന്നു. കൂടാതെ ഗെയ്ല്‍ ആരാധകർക്കു വേണ്ടി ബാറ്റും ചെയ്തു. കൊച്ചി ബ്ലൂ ടെെഗേഴ്സ് ഉടമ സുഭാഷ് മാനുവല്‍, തൃശൂർ ടെെറ്റൻസ് യുവതാരം മുഹമ്മദ് ഇനാൻ എന്നിവർ ഗെയ്ലിന് പന്തെറിഞ്ഞപ്പോള്‍ ബൗണ്ടറികള്‍ നേടി യൂനിവേഴ്സല്‍ ബോസ് ആരാധകരെ ആവേശത്തിലാക്കി.
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാർ
പിന്നീട് ശ്രീശാന്ത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ക്രിസ് ഗെയ്ല്‍ പന്തെറിഞ്ഞു. കേരളത്തിലെ ആരാധകർക്ക് മറക്കാനാവാത്ത ആവേശ നിമിഷങ്ങള്‍ നല്‍കാൻ യൂനിവേഴ്സല്‍ ബോസിന് സാധിച്ചു. ക്രിസ് ഗെയ്ലിനെപ്പോലൊരു സൂപ്പർ താരം കേരള ക്രിക്കറ്റ് ലീഗിന് പിന്തുണയുമായി എത്തുന്നത് കേരള ക്രിക്കറ്റിന് വളരെയധികം ഗുണം ചെയ്യുമെന്ന് തന്നെ പറയാം.
കേരള ക്രിക്കറ്റ് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സഞ്ജു സാംസണ് ശേഷം കേരളത്തില്‍ നിന്ന് അടുത്ത സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക് വളരേണ്ടിയിരിക്കുന്നു. കേരള ക്രിക്കറ്റ് ലീഗിലൂടെ യുവതാരങ്ങള്‍ക്ക് ഐപിഎല്ലിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഇടം നേടിയെടുക്കാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

