സഞ്ജു സാംസണ് ഇന്ത്യയുടെ അഭിമാനമായ മലയാളി താരമാണ്. അനായാസം റണ്‍സുയർത്തുന്ന സഞ്ജുവിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ കഴിഞ്ഞ ടി20 ലോകകപ്പ് നേടിയെടുത്തത്.
2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് സഞ്ജുവാണെന്ന് പറയാം. പ്രതികൂല സാഹചര്യത്തിലും സമ്മർദ്ദത്തെ മറികടന്ന് തകർപ്പൻ പ്രകടനത്തിലൂടെ സഞ്ജു മാച്ച് വിന്നറായി മാറുകയായിരുന്നു.
ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യ സഞ്ജു സാംസണെ തഴഞ്ഞ് ശ്രേയസ് അയ്യരെ ടി20 ടീമിന്റെ നായകനാക്കി. ഒന്നര വർഷത്തോളം ടീമില്‍ പോലും ഇല്ലാതിരുന്ന ശ്രേയസിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരികയും നായകനാക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ശ്രേയസിന് കീഴില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തല്ല. വീണ്ടും സഞ്ജുവിനെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇന്ത്യ സഞ്ജുവിനെ ടി20 ടീമിന്റെ നായകനാക്കുന്നതിനെ പല പ്രമുഖരും പിന്തുണച്ചിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
പ്രമുഖ അവതാരകനായ ഹർഷ ഭോഗ്ലെ സഞ്ജുവിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെ പിന്തുണക്കുന്നവരിലൊരാളാണ്. സഞ്ജു സാംസണ്‍ ധോണിയെപ്പോലെയും രോഹിത് ശർമയെപ്പോലെയുമാണെന്നും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടാക്കുമെന്നും പല തവണ ഹർഷ ഭോഗ്ലെ പറഞ്ഞിട്ടുണ്ട്. സഞ്ജു സാംസണ് നായകനെന്ന നിലയിലും താരമെന്ന നിലയിലും ഭോഗ്ലെ വലിയ പിന്തുണയാണ് നല്‍കുന്നത്.
സഞ്ജയ് മഞ്ജരേക്കറും സഞ്ജുവിന്റെ നായകനെന്ന നിലയിലെ മികവിനെ പ്രശംസിച്ചിട്ടുണ്ട്. സഞ്ജുവിന് പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്നും ഒരു മികച്ച നായകനായി മാറാൻ സഞ്ജുവിന് സാധിക്കുമെന്നും പല തവണ സഞ്ജയ് പറഞ്ഞിട്ടുണ്ട്. സഞ്ജുവിന്റെ മോശം പ്രകടനങ്ങളെ വിമർശിക്കുന്നയാളാണ് സഞ്ജയ് എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് വലിയ ഭാവിയുണ്ടെന്നാണ് സഞ്ജയ് പറയുന്നത്.
മുൻ ഇന്ത്യൻ പേസ് ഓള്‍റൗണ്ടറായ ഇർഫാൻ പഠാനും സഞ്ജുവിനെ ഇന്ത്യ നായകനാക്കി വളർത്തുന്നതിനെ പിന്തുണക്കുന്നവരിലൊരാളാണ്. രാജസ്ഥാനെ അഞ്ച് വർഷം നയിച്ച സഞ്ജു സാംസണ്‍ ഒരു തവണ ഫെെനലിലും എത്തിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്നിട്ടും സഞ്ജുവിന് പലപ്പോഴും അർഹിച്ച പിന്തുണ നായകനെന്ന നിലയില്‍ ലഭിക്കുന്നില്ലെന്നതാണ് ചൂണ്ടിക്കാട്ടേണ്ട കാര്യം.
Sanju Samson: ഞാൻ തന്നെ എപ്പോഴും കളിക്കണമെന്ന് വാശിയില്ല, ടീമാണ് പ്രധാനം; അനാവശ്യ വിവാദങ്ങളോട് താല്‍പര്യമില്ല, തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍
മുൻ സൗത്താഫ്രിക്കൻ താരവും ടി20യിലെ ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സും സഞ്ജുവിന്റെ നായക മികവിനെ പ്രശംസിച്ചവനാണ്. നായകനെന്ന നിലയില്‍ സഞ്ജുവിന് വലിയ ഭാവിയുണ്ടെന്നാണ് ഇവരെല്ലാം പറയുന്നത്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഒരിക്കലും എത്താൻ സാധിക്കില്ലെന്നതാണ് വസ്തുത. ഇതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും.
സഞ്ജുവിനെ നായകനാക്കി വളർത്താൻ ടീം മാനേജ്മെന്റിന് വലിയ താല്‍പര്യമില്ലെന്നതാണ് വസ്തുത. സഞ്ജുവിനെ ടീമിലെടുക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഉള്‍പ്പെടുന്ന സംഘത്തിന് വലിയ താല്‍പര്യമില്ല. എന്നാല്‍ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ പിന്തുണക്കുകയും മികവിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതുകൊണ്ട് മാത്രം സഞ്ജുവിന് ഇന്ത്യയുടെ ടി20 നായകനാവാൻ സാധിക്കില്ലെന്നതാണ് വസ്തുത.
ഇന്ത്യയുടെ മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രിയും സഞ്ജുവിന്റെ നായക മികവിനെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് വലിയ അവസരം നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രയിം സ്വാൻ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസെെൻ എന്നിവരെല്ലാം സഞ്ജുവിന് നായകനെന്ന നിലയില്‍ വലിയ ഭാവി കല്‍പ്പിച്ചവരാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ച് സഞ്ജു ഇന്ത്യയുടെ ടി20 ടീം നായകനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

