Dailyhunt
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവര്‍ത്തനം ആരംഭിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു.

മാർച്ച്‌ 25 മുതല്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ കമ്മീഷനില്‍ ശോഭ വിആർ ആണ് സെക്രട്ടറി.

ഡോ. വിപി ജോയ് ഐഎഎസ് ചെയർമാനായ കമ്മീഷനില്‍ അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും ശോഭ വി ആർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി ധനകാര്യ വകുപ്പില്‍ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകള്‍ പ്രകാരം നിയമിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളിലാണ് കമ്മീഷൻ.


വിവിധ സർക്കാർ വകുപ്പുകള്‍, സർവീസ് സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി കഴിഞ്ഞു. കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഉടൻ ചെയ്യുന്നതോടൊപ്പം വിവരശേഖരണത്തിനുള്ള പ്രൊഫോമയും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ലഭ്യമാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കമ്മീഷൻ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam