സന്നിധാനം: ശബരിമല അയ്യപ്പദർശനത്തിനു വരുന്ന അയ്യപ്പഭക്തർ മലകയറുമ്പോള്‍ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.
കഠിനമായ മലകയറ്റ വേളയില്‍ ആരോഗ്യവകുപ്പും ആരോഗ്യ പ്രവർത്തകരും നല്കുന്ന എല്ലാ നിർദേശങ്ങളും നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഹൃദ്രോഗമുള്ളവർ തീർഥാടനത്തിന് മുമ്പ് പരിശോധനനടത്തി യാത്രയ്ക്കുള്ള ആരോഗ്യാനുമതി ഡോക്ടറില്‍ നിന്ന് നേടണം. അടുത്തിടെ ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, ഹൃദയസ്തംഭനം എന്നിവ ഉണ്ടായിട്ടുള്ളവർ വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ മല കയറരുത്. ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക.ഉപയോഗിക്കുന്ന മരുന്നുകള്‍ കൃത്യമായി തുടരുക. ആവശ്യമായ മരുന്നുകള്‍, മരുന്നുകളുടെ കുറിപ്പടിയും കൈവശം കരുതുക.
ശാരീരികശേഷിക്കനുസരിച്ച് മാത്രം മലകയറുക. അമിതമായ വേഗവും ശാരീരിക അധ്വാനവും ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. (ഹൃദയസ്തംഭനം മൂലം വെള്ളത്തിന് നിയന്ത്രണമുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കുക) ഭക്ഷണം ഒഴിവാക്കി മലകയറരുത്. തിരക്കിനിടയില്‍ തള്ളിക്കയറുന്നതും ഓടുന്നതും ഒഴിവാക്കുക. നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാല്‍ ഉടൻ യാത്ര നിർത്തി വൈദ്യസഹായം തേടണം.
നെഞ്ചില്‍ വേദന, ഭാരം, മുറുക്കം അല്ലെങ്കില്‍ അസ്വസ്ഥത, ശ്വാസംമുട്ടല്‍, അമിതമായ വിയർപ്പ്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പിലെ അസാധാരണമായ വ്യതിയാനം, പെട്ടെന്നുള്ള അമിതക്ഷീണം, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന വേദന എന്നിവ ഉണ്ടായാല്‍ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയായി കണക്കാക്കണം. ഉടൻ തന്നെ നടത്തം നിർത്തി സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കുകയും വേണം.
ഏറ്റവും അടുത്തുള്ള അടിയന്തര വൈദ്യ സഹായ കേന്ദ്രത്തിൻ്റെ സഹായം തേടുക. ആവശ്യമാണെങ്കില്‍ ആംബുലൻസ് സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുക. അടിയന്തര ആവശ്യത്തിന് 04735 203232 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഭക്തർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും
ശബരിമല ദർശനത്തിനു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് തളർച്ച അകറ്റാൻ ചുക്ക് വെള്ളവും ബിസ്ക്കറ്റും ദേവസ്വം ബോർഡ് വിതരണം ചെയ്യുന്നുണ്ട്. പതിനെട്ടാം പടിക്ക് താഴെ നടപന്തലില്‍ ഇതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ദീർഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ ലഘു ഭക്ഷണം ഭക്തർക്ക് ഏറെ ഉപയോഗപ്രദമാണ്.നിലവില്‍ 10 ലക്ഷം ബിസ്കറ്റ് പാക്കറ്റുകള്‍ ഇതിനായി ദേവസ്വം ബോർഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് വർധിക്കുന്നന്നതിന് അനുസരിച്ചു ആവശ്യമെങ്കില്‍ കൂടുതല്‍ ബിസ്കറ്റ് എത്തിക്കുവാൻ വേണ്ട ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ ഉള്ള പാതയില്‍ ഭക്തർക്കു ആവശ്യമായ ശുദ്ധീകരിച്ച ഔഷധ കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട്.

