Dailyhunt
ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും; മോൻസ് ജോസഫിന് പുറമെ മറ്റൊരു മന്ത്രിക്കായി ജോസഫ് ഗ്രൂപ്പ്

ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും; മോൻസ് ജോസഫിന് പുറമെ മറ്റൊരു മന്ത്രിക്കായി ജോസഫ് ഗ്രൂപ്പ്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ നിയുക്ത ചവറ എംഎല്‍എ ഷിബു ബേബി ജോണ്‍ ആർഎസ്പിയുടെ മന്ത്രിയാവും. പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

മൂന്ന് എംഎല്‍എമാരാണ് ആർഎസ്പിയ്ക്കുള്ളത്. അതേസമയം മന്ത്രിസ്ഥാനത്തിന് പുറമെ കൂടുതല്‍ പദവികള്‍ ചോദിക്കേണ്ടതില്ലെന്നും ആർഎസ്പി തീരുമാനിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ഉള്‍പ്പെടെയുള്ള പദവികള്‍ ചോദിക്കില്ലെന്നാണ് ആർഎസ്പിയുടെ തീരുമാനം. അതേസമയം നേരത്തെ നല്‍കിയിരുന്ന തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. യുഡിഎഫ് നേടിയ വിജയത്തിന്‍റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചർച്ചകള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ചവറയില്‍ 18,573 വോട്ടുകള്‍ക്കാണ് ഷിബു ബേബി ജോണ്‍ ഇത്തവണ വിജയിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂർ 25,314 വോട്ടുകള്‍ക്കും, ഇരവിപുരത്ത് അഡ്വ വിഷ്ണു മോഹൻ 8,803 വോട്ടുകള്‍ക്കുമാണ് ജയിച്ച്‌ കയറിയത്. കമ്മ്യൂണിസത്തിന്റെ ABCD അറിയാത്തതിൻ്റെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നായിരുന്നു യുഡിഎഫിൻ്റെ ജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ പറഞ്ഞത്. സിപിഎമ്മില്‍ നിന്ന് വൻതോതിലുള്ള വോട്ടുകള്‍ യുഡിഎഫിലേക്ക് എത്തിയിട്ടുണ്ട്. ജനങ്ങള്‍ അത്രമേല്‍ ഈ സർക്കാരിനെ വെറുത്തിരിക്കുന്നു എന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോൻസ് ജോസഫ് മന്ത്രിയാകും, ഒപ്പം ഒരാള്‍ക്ക് കൂടി

യുഡിഎഫ് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടും. നിയുക്ത എംഎല്‍എ മോൻസ് ജോസഫിനെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ മോൻസ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. മത്സരിച്ച എട്ടില്‍ ഏഴ് സ്ഥാനാര്‍ഥികളും വിജയിച്ചതോടെ രണ്ട് മന്ത്രി സ്ഥാനങ്ങളെങ്കിലും വേണമെന്ന നിലപാടിലാണ്‌ പാർട്ടി.

2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭ‌യിലേതുപോലെ ചീഫ് വിപ്പോ ഡെപ്യൂട്ടി സ്‍പീക്കര്‍ സ്ഥാനങ്ങളോ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചോദിച്ചേക്കും. ഇന്നലെ പാർട്ടി ചെയര്‍മാൻ പിജെ ജോസഫിൻ്റെ തൊടുപുഴ പുറപ്പുഴയിലെ വീട്ടില്‍ കൂടിയ യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി അഡ്വ. മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തത്. നിലവില്‍ പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനാണ് അദ്ദേഹം. ഡെപ്യൂട്ടി ലീഡറായി അഡ്വ. തോമസ് ഉണ്ണിയാടൻ, പാർട്ടി വിപ്പായി അപു ജോണ്‍ ജോസഫ്, സെക്രട്ടറിയായി ഷിബു തെക്കുംപുറം, ട്രഷററായി റെജി ചെറിയാൻ എന്നിവരെയും തെരഞ്ഞെടുത്തു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam