കോട്ടയം: ഇഡി ഉദ്യോഗസ്ഥർ വന്ന വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ സിപിഎം പ്രവർത്തകരെ വേട്ടയാടാൻ പൊലീസിനെ അനുവദിക്കില്ലെന്ന് പാർട്ടി സംസ്ഥാന കമ്മറ്റിയംഗം വി ശിവൻകുട്ടി.
പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും നിയമവിരുദ്ധമായി തിരച്ചില്‍ നടത്തുന്നതും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്തു മാധ്യമങ്ങളോട് പറഞ്ഞു. അതെസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഐ പി ബിനു കീഴടങ്ങി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെയാണ് ഐപി ബിനു അടക്കമുള്ളവർ ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഈ പ്രശ്നത്തില്‍ ആരോപണം നേരിടുന്ന പത്ത് പേരില്‍ ഒരാളാണ് ഐ പി ബിനു.
മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടികള്‍ ഉണ്ടായതെന്നത് ദുരൂഹമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യാ മുന്നണിയിലെ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ റെയ്ഡിനെ അപലപിച്ചപ്പോഴും കോണ്‍ഗ്രസ് ഇതില്‍ നിന്നും അകലം പാലിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളും കോണ്‍ഗ്രസിന്റെ മൗനവും ബിജെപി അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാർത്ഥ്യം അറിയാം. പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇത്തരം ഭീഷണികള്‍ കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. ജനാധിപത്യപരമായ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. എന്നാല്‍ ഈ വേട്ടയാടല്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച നടന്ന റെയ്ഡുകള്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദായനികുതി വകുപ്പ്, എസ്‌എഫ്‌ഐഒ, ഇഡി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നിങ്ങനെ നാല് കേന്ദ്ര ഏജൻസികള്‍ വർഷങ്ങളായി അന്വേഷണം നടത്തിയിട്ടും പിണറായി വിജയന് എതിരെയോ മകള്‍ വീണയ്ക്കെതിരെയോ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതെസമയം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എംഎ ബേബി, ബൃന്ദ കാരാട്ട്, വിജു കൃഷ്‌ണന്‍ ഉള്‍പ്പെടേയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് ഈ നടപടി സ്വീകരിച്ചത്. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ് സിപിഎം നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. എല്ലാവിധ ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നതെന്നും സിപിഎം പ്രസ്താവിച്ചു.
കേരളത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപകമായി കേസ് എടുത്തതിലൂടെ കേന്ദ്രത്തിന്റെ ബി ടീമാണ് കേരളത്തിലും അധികാരത്തിലുള്ളതെന്ന് വ്യക്തമായതായി സിപിഎം പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

