Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രത്തിന്റെ ബദല്‍; സാധാരണ ബസ് സര്‍വീസല്ല ബിആര്‍ടിഎസ്; പ്രത്യേക ട്രാക്കുകളില്‍ മെട്രോയ്ക്ക് സമാനമായ സൗകര്യങ്ങള്‍

തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രത്തിന്റെ ബദല്‍; സാധാരണ ബസ് സര്‍വീസല്ല ബിആര്‍ടിഎസ്; പ്രത്യേക ട്രാക്കുകളില്‍ മെട്രോയ്ക്ക് സമാനമായ സൗകര്യങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയുടെ സാധ്യതകള്‍ ഇപ്പോഴും തുലാസിലാണ്. തിരുവനന്തപുരത്തെക്കാള്‍ ജനസംഖ്യയുള്ള കോയമ്പത്തൂരിലും മധുരൈയിലും മെട്രോ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

ഈ സാഹചര്യത്തില്‍ കേന്ദ്രം നേരത്തെ മുമ്പോട്ടു വെച്ച ബിആർടിഎസ് സംവിധാനം (BRTS - ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) വീണ്ടും ചർച്ചകളില്‍ നിറയുകയാണ്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും സൗകര്യവും നല്‍കുന്നതിനും ഉപകരിക്കുന്ന ഒരു ബസ് സർവീസ് സംവിധാനമാണിത്. സാധാരണ ബസ് സർവീസുകളില്‍ നിന്നും BRTS-നെ വ്യത്യസ്തമാക്കുന്നത് അതിനായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക പാതകളാണ്.

റോഡിന്റെ നടുവിലോ വശങ്ങളിലോ പണിയുന്ന പ്രത്യേക പാതകളിലൂടെയാണ് ബിആർടിഎസ് ബസ്സുകള്‍ സഞ്ചരിക്കുക. ഈ ബസ്സുകള്‍ക്ക് മാത്രമായി പ്രത്യേക ട്രാക്കുകള്‍ ഉണ്ടായിരിക്കും. മറ്റ് വാഹനങ്ങള്‍ക്ക് ഈ പാതയിലേക്ക് പ്രവേശനമില്ല. ഇക്കാരണത്താല്‍ തന്നെ ഗതാഗതക്കുരുക്കില്‍ പെടാതെ ബസ്സുകള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാൻ കഴിയും. സാധാരണ ബസ് സര്‍വീസിനെക്കാള്‍ ഉയർന്ന ടിക്കറ്റ് നിരക്കായിരിക്കും ഈ ബസ് സർവീസുകളില്‍.

സാധാരണ ബസ് സ്റ്റോപ്പുകളില്‍ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങളാണ് ബിആർടിഎസിന്റെ ബസ് സ്റ്റോപ്പുകളില്‍ ഉണ്ടാവുക. പ്ലാറ്റ്‌ഫോമുകളോട് കൂടിയ എസി സ്റ്റേഷനുകള്‍ ഇതിനുണ്ടാകും. ബസ്സില്‍ കയറിയ ശേഷം ടിക്കറ്റ് എടുക്കുന്നതിന് പകരം, സ്റ്റേഷനില്‍ നിന്ന് തന്നെ ടിക്കറ്റെടുക്കാൻ സാധിക്കും. അല്ലെങ്കില്‍ സ്മാർട്ട് കാർഡുകള്‍ ഉപയോഗിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ കഴിയും. മെട്രോകളില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഓഫറുകളും ടിക്കറ്റുകളുടെ കാര്യത്തില്‍ ബിആര്‍ടിഎസില്‍ ഉണ്ടാകും.

ബസ്സുകളില്‍ കയറാൻ സാധാരണ ബസ്സുകളെ അപേക്ഷിച്ച്‌ പ്രയാസം കുറയും. കാരണം, ബസ്സിന്റെ പ്ലാറ്റുഫോമും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമും ഒരേ നിരപ്പിലായിരിക്കും. പടികള്‍ കയറാതെ തന്നെ മെട്രോ ട്രെയിനില്‍ കയറുന്നതുപോലെ വേഗത്തില്‍ യാത്രക്കാർക്ക് ബസിനുള്ളിലേക്ക് കയറാനും ഇറങ്ങാനും സാധിക്കും. വീല്‍ ചെയർ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദമായിരിക്കും.

ട്രാഫിക് സിഗ്നലുകളില്‍ കാത്തു കെട്ടിക്കിടക്കേണ്ട സ്ഥിതി ഈ ബസ്സുകള്‍ക്ക് വരില്ല. ജങ്ഷനുകളില്‍ ബിആർടിഎസ് ബസ്സുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

നിർമാണച്ചെലവ് താരതമ്യേന വളരെ കുറവായിരിക്കും ബിആർടിഎസിന്. പ്രത്യേക ട്രാക്ക് നിർമിക്കാനുള്ള ചെലവും സ്റ്റേഷനുകള്‍ നിർമിക്കാനുള്ള ചെലവുമാണ് കാര്യമായി വരുന്നത്. കൂടാതെ ബസ്സുകളും ഇതര സംവിധാനങ്ങളും ഒരുക്കാനുള്ള ചെലവ്. മെട്രോയെപ്പോലെ എലിവേറ്റഡ് ട്രാക്കുകള്‍ അപൂർവമായി മാത്രമേ ആവശ്യമായി വരൂ. ഒരു മെട്രോ റെയില്‍വേ സംവിധാനം നിർമ്മിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ബിആർടിഎസ് നടപ്പിലാക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam