Dailyhunt
'തൻ്റെ മൗനത്തെ കീഴടങ്ങലായി തെറ്റിദ്ധരിക്കരുത്, ഞാൻ ചെയ്തത് ഒരു കുറ്റകൃത്യമാണോ'; പ്രതികരണവുമായി രാഘവ് ഛദ്ദ

'തൻ്റെ മൗനത്തെ കീഴടങ്ങലായി തെറ്റിദ്ധരിക്കരുത്, ഞാൻ ചെയ്തത് ഒരു കുറ്റകൃത്യമാണോ'; പ്രതികരണവുമായി രാഘവ് ഛദ്ദ

Samayam Malayalam 2 weeks ago

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് ആം ആദ്മി പാർട്ടി (എഎപി) നീക്കിയതില്‍ പ്രതികരണവുമായി രാഘവ് ഛദ്ദ.

പാർലമെന്റില്‍ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം പൊതു വിഷയങ്ങള്‍ താൻ ഉന്നയിച്ചിരുന്നു. പൊതു വിഷയങ്ങള്‍ ഉന്നയിക്കുന്നത് ഒരു കുറ്റകൃത്യമാണോ. ഞാൻ സംസാരിക്കുമ്പോഴെല്ലാം സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ മാത്രമേ സംസാരിക്കൂ. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും ഉന്നയിക്കുന്നതില്‍ നിന്നും ആരെങ്കിലും എന്നെ തടയുന്നത് എന്തിനാണെന്ന് എക്‌സില്‍ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തില്‍ ഛദ്ദ ചോദിച്ചു.

രാഘവ് ഛദ്ദയെ പാർലമെന്റില്‍ സംസാരിക്കുന്നത് തടയാൻ എഎപി സെക്രട്ടേറിയറ്റിനോട് പറഞ്ഞ സാഹചര്യത്തിലാണ് ഛദ്ദ പ്രതികരണം നടത്തിയത്. പൊതുജനങ്ങളോട് ഒപ്പം നില്‍ക്കാൻ അഭ്യർഥിച്ച ഛദ്ദ തൻ്റെ മൗനത്തെ കീഴടങ്ങലായി തെറ്റിദ്ധരിക്കരുതെന്നും ഇപ്പോള്‍ താൻ ശാന്തമായ ഒരു നദിയാണെന്നും പക്ഷേ ഒരു വെള്ളപ്പൊക്കത്തിലേക്ക് എങ്ങനെ ഉയരണമെന്ന് എനിക്കറിയാമെന്ന് പറയുകയും ചെയ്തു.



പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ എന്ന നിലയില്‍ താൻ ഉന്നയിച്ച വിഷയങ്ങള്‍ ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഛദ്ദ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്. മധ്യവർഗത്തിന്റെ നികുതി ഭാരം, ഡാറ്റ കാലഹരണപ്പെടല്‍ പ്രശ്നം, പിതൃത്വ അവധി, വിമാനത്താവളങ്ങളിലെ അധിക ബാഗേജ് ചാർജുകള്‍ തുടങ്ങിയ ആശങ്കകളില്‍ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.



ഛദ്ദയെ സഭയില്‍ സംസാരിപ്പിക്കാതിരിക്കുക എന്നതായിരുന്നു ആം ആദ്മിയുടെ ഉദ്ദേശ്യമെന്നും സംസാരിക്കാൻ സമയം അനുവദിക്കാതിരിക്കാൻ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നുവെന്നും ഛദ്ദയുമായി അടുത്തബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞു. ഒരുകാലത്ത് പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായി ആയിരുന്ന രാഘവ് ഛദ്ദയുടെ ഭാവി പ്ലാൻ എന്താകുമെന്ന കാര്യത്തില്‍ അഭ്യൂഹം ശക്തമാണ്. 37 കാരനായ ചദ്ദ 2012 മുതല്‍ എഎപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ കാരണം എഎപി ഇതുവരെ വിശദീകരിച്ചിട്ടില്ല. ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഛദ്ദയെ നീക്കം ചെയ്യാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് ഔദ്യോഗിക കത്ത് സമർപ്പിച്ചിരുന്നു. പാർലമെന്റില്‍ സംസാരിക്കാൻ സമയം അനുവദിക്കരുതെന്നും പാർട്ടി അഭ്യർഥിച്ചു. ഛദ്ദയ്ക്ക് പകരം പഞ്ചാബില്‍നിന്നുള്ള എംപി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡർ ആക്കാനാണ് ആം ആദ്മിയില്‍ ആലോചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam