Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട് അറ്റകുറ്റപ്പണിക്ക് 1 ലക്ഷം കിട്ടും; തീയതി നീട്ടി; മത്സ്യത്തൊഴിലാളികള്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ

വീട് അറ്റകുറ്റപ്പണിക്ക് 1 ലക്ഷം കിട്ടും; തീയതി നീട്ടി; മത്സ്യത്തൊഴിലാളികള്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 1 ലക്ഷം രൂപ വരെ ലഭിക്കും. ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടിയിട്ടുണ്ട്.

വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മറൈന്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

എന്നാല്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പദ്ധതികള്‍ വഴിയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ അപേക്ഷിക്കുന്ന വീടുകള്‍ക്ക് കുറഞ്ഞത് എട്ടു വര്‍ഷത്തെ കാലപ്പഴക്കമുണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

താത്പര്യമുള്ളവര്‍ വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളും മറ്റ് അനുബന്ധ രേഖകളും സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ സെപ്തംബര്‍ 15-ന് വൈകുന്നേരം അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ലഭ്യമാക്കണം. മത്സ്യഭവനുകളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി മത്സ്യഭവൻ ഓഫീസുകളിലെ ഫോണ്‍ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ലൈഫ് പദ്ധതിയില്‍ വൻ മാറ്റം

ലൈഫ് പദ്ധതി ഉപേക്ഷിച്ച്‌ പഴയ രീതിയിലുള്ള ഭവന പദ്ധതികളിലേക്ക് മാറുകയാണ് സംസ്ഥാന സര്‍ക്കാർ. ഇതോടെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം മുമ്പത്തെപ്പോലെ പ്രത്യേകമായ ഭവന പദ്ധതികള്‍ വരും. പട്ടികജാതി വിഭാഗക്കാർക്കായുള്ള പുതിയ പദ്ധതിക്കായി ഈ സാമ്പത്തികവർഷം 200 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.

ഭവനപദ്ധതികള്‍ ലൈഫ് മിഷനില്‍നിന്ന് വേർപെടുത്താനുള്ള രൂപരേഖ തയ്യാറായതായാണ് വിവരം. ഇിനിമേല്‍ അതത് വകുപ്പുകള്‍ വഴി പുതിയ വീടുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. നിലവില്‍ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവർക്കും അനുമതി ലഭിച്ചവർക്കും അതേ പദ്ധതിയില്‍ത്തന്നെ തുടർന്നും സഹായം ലഭിക്കുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല. ലൈഫ് ഉപേക്ഷിക്കാമെന്ന് തത്ത്വത്തില്‍ തീരുമാനമായെങ്കിലും ബദല്‍ പദ്ധതികളുടെ കാര്യത്തില്‍ വ്യക്തക്കുറവ് നിലനില്‍ക്കുകയാണ്.

പുതിയ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്ക് മാത്രം 10,000 വീടുകള്‍ നല്‍കാനാകുമെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. എന്നാല്‍ ലൈഫ് പദ്ധതിയിലൂടെ ജനറല്‍ വിഭാഗങ്ങള്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യം തുടരുമോയെന്ന് വ്യക്തമല്ല.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam