ചെന്നൈ: ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.
സര്‍ക്കാർ വീഴാനും ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അണികളോട് സജ്ജരായിരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ 'ഉദയസൂര്യൻ' ഒരിക്കലും അസ്തമിക്കില്ലെന്ന് ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരെ അഭിസംബോധന ചെയ്യവെ സ്റ്റാലിൻ പ്രസ്താവിച്ചു. ഇപ്പോഴത്തെ പരാജയം താല്‍ക്കാലികം മാത്രമാണ്.
അതെസമയം എഐഎഡിഎംകെ തങ്ങളുടെ വിമത നേതാക്കളെ അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. പാർട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവർ കരുതുന്നവർ ചർച്ചയ്ക്ക് വരണമെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആവശ്യപ്പെട്ടു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ ആശങ്കയുണ്ടെങ്കില്‍ അക്കാര്യം ചർച്ച ചെയ്യാനും തയ്യാറാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയം പാർട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി ചർച്ച ചെയ്യണമെന്നാണ് വിമതർ ഒപ്പ് പ്രചാരണം നടത്തുന്നത്.
"നമുക്ക് ചർച്ചയിലൂടെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാം. അഞ്ച് പാർട്ടികളുടെ പിന്തുണയെ ആശ്രയിക്കുന്ന ടിവികെ സർക്കാർ അധികകാലം നിലനില്‍ക്കില്ല," എടപ്പാടി പറഞ്ഞു.
അതിനിടെ ഡിഎംകെ തങ്ങളുടെ ഡിജിറ്റല്‍ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമങ്ങള്‍ തുടങ്ങി. ടിവികെയുടെ ഏറ്റവും വലിയ കരുത്തായത് സോഷ്യല്‍ മീഡിയ കാമ്പയിനുകളായിരുന്നു. "ഒരുകാലത്ത് നമ്മള്‍ ചായക്കടകളില്‍ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണം," സ്റ്റാലിൻ അണികളോട് ആവശ്യപ്പെട്ടു. പരാജയത്തിന്റെ കാരണങ്ങള്‍ പഠിക്കാനുള്ള ശ്രമങ്ങളും ഡിഎംകെ തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പ്രതികരണം ശേഖരിക്കാനും പദ്ധതിയുണ്ട്. ഇതിനായി ഒരു 36 അംഗ സമിതി പ്രവർത്തിക്കും. തോല്‍ക്കുമ്പോഴെല്ലാം ഡിഎംകെ ഫീനിക്സ് പക്ഷിയായി മാറാറുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. അധികാരമില്ലെങ്കിലും ഡിഎംകെയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. പുതിയ സർക്കാർ തുടരുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ഡിഎംകെ സർക്കാർ തുടങ്ങി വെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

