Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ്‌യുടെ ജനനായകന് പകരം സ്പൈഡര്‍മാൻ; പ്രതിഷേധം നേരിട്ട് ബെംഗളൂരുവിലെ തിയേറ്റുകള്‍, കര്‍ണാടകയില്‍ എതിര്‍പ്പ് ശക്തം

വിജയ്‌യുടെ ജനനായകന് പകരം സ്പൈഡര്‍മാൻ; പ്രതിഷേധം നേരിട്ട് ബെംഗളൂരുവിലെ തിയേറ്റുകള്‍, കര്‍ണാടകയില്‍ എതിര്‍പ്പ് ശക്തം

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) നിർദേശത്തില്‍ പ്രതിഷേധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകൻ സിനിമയ്ക്കെതിരെ കർണാടകയില്‍ പ്രതിഷേധം ശക്തം.

ബെംഗളൂരുവിലെ തിയേറ്ററുകളില്‍ ജനനായകൻ ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. പകരം സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ പ്രദർശനം ആരംഭിച്ചു.

ജനനായകൻ ഉള്‍പ്പെടെയുള്ള തമിഴ് സിനിമകള്‍ക്കെതിരെ ബെംഗളൂരുവിലെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. മാണ്ഡ്യയില്‍ പ്രതിഷേധത്തെത്തുടർന്ന് ജനനായകൻ ചിത്രത്തിന്റെ പ്രദർശനം വീണ്ടും തടസ്സപ്പെട്ടു. വെള്ളിയാഴ്ച ചിത്രം പ്രദർശിപ്പിച്ചിരുന്ന പൂർണിമ, ഉർവശി തിയേറ്ററുകള്‍ക്ക് പുറത്ത് സംഘടനകളുടെ പ്രവർത്തകർ തടിച്ചുകൂടി. പൂർണിമ, ഉർവശി, ബെംഗളൂരുവിലെ മറ്റ് ചില സിംഗിള്‍ സ്‌ക്രീൻ തിയേറ്ററുകളില്‍ ജനനായകൻ ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചു.



തമിഴ് സിനിമകള്‍ ഷെഡ്യൂള്‍ ചെയ്ത ഷോകള്‍ക്ക് പകരമാണ് ടോം ഹോളണ്ടിന്റെ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ബെംഗളൂരുവിലെ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കുന്നത്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാല്‍ തിയേറ്റർ മാനേജ്‌മെന്റുകള്‍ വിജയ്‌യുടെ കട്ടൗട്ടുകളും പ്രൊമോഷണല്‍ ബാനറുകളും തിയേറ്റർ പരിസരത്ത് നിന്ന് നീക്കം ചെയ്തു.

ബെംഗളൂരുവില്‍ മുൻകരുതല്‍ നടപടിയായി സാമ്പിജ് തിയേറ്റർ നിശ്ചയിച്ചിരുന്ന എല്ലാ ഷോകളും റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ വിജയ്‌യുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ചിലയിടങ്ങളില്‍ സുരക്ഷ കർശനമാക്കി. ശ്രീരാംപുര പോലീസ് പട്രോളിങ് വർധിപ്പിക്കുകയും തമിഴ് നാട്ടില്‍ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ അധികമായി പോലീസിനെ വിന്യസിക്കുകയും ചെയ്തു.

റിലീസ് ചെയ്ത ശേഷം ജനനായകൻ കർണാടകയില്‍ തടസ്സങ്ങള്‍ നേരിടുന്നത് ഇത് രണ്ടാം തവണയാണ്. ഈ ആഴ്ച ആദ്യം കന്നഡ സംഘടനയിലെ അംഗങ്ങള്‍ ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ പ്രതിഷേധിച്ചതിനെത്തുടർന്ന് മാണ്ഡ്യയിലെ ഗുരുശ്രീ തിയേറ്ററിലെ ഷെഡ്യൂള്‍ ചെയ്ത പ്രദർശനങ്ങള്‍ റദ്ദാക്കിയിരുന്നു. കാവേരി ജല തർക്കവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, തമിഴ് സിനിമകളുടെ ഷോ റദ്ദാക്കല്‍ മൂലം വ്യവസായത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചർച്ച ചെയ്യാൻ കർണാടക ഫിലിം ചേംബർ യോഗം വിളിച്ചു.

അടുത്ത 15 ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ (സിഡബ്ല്യുആർസി) ശുപാർശ സിഡബ്ല്യുഎംഎ ശരിവച്ചതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. കർണാടക തന്നെ ജലക്ഷാമം നേരിടുന്നുണ്ടെന്നും വെള്ളം തുറന്നുവിടുന്നത് സംസ്ഥാനത്തെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും വാദിച്ചുകൊണ്ട് കർഷക ഗ്രൂപ്പുകളും കന്നഡ സംഘടനകളും രംഗത്തുവന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

സിഡബ്ല്യുഎംഎയുടെ നിർദേശത്തിനെതിരെ കർണാടക സർക്കാർ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ഇതിന് മറുപടിയായി കാവേരി ജലത്തിന്റെ വിഹിതം ഉറപ്പാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് നിയമമന്ത്രി സിടിആർ നിർമ്മല്‍ കുമാർ വെള്ളിയാഴ്ച പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam