Dailyhunt
വോട്ട് അവകാശമാണ്, ജാമ്യം നല്‍കണമെന്ന് രഞ്ജിത്ത്; ജാമ്യാപേക്ഷ തള്ളി കോടതി

വോട്ട് അവകാശമാണ്, ജാമ്യം നല്‍കണമെന്ന് രഞ്ജിത്ത്; ജാമ്യാപേക്ഷ തള്ളി കോടതി

Samayam Malayalam 2 weeks ago

കൊച്ചി: സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ലൈംഗികാതിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന രഞ്ജിത്ത് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്.

എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ അപേക്ഷ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

വോട്ടു ചെയ്യുക എന്നത് പൗരന്‍റെ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നുമാണ് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവില്‍ ഒരു കേസില്‍ പ്രതിയാണ് രഞ്ജിത്തെന്നും ജയിലില്‍ ഉള്ളയാള്‍ക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം തള്ളിയത്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. നാളെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഏപ്രില്‍ 10ന് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞദിവസം ജാമ്യഹർജിയില്‍ വാദം നടക്കുന്നതിനിടെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണം ര‍ഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു. നടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാല്‍ വിമ‍ർശിക്കുകയും ചില സീനുകള്‍ താൻ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്ത് കോടതിയില്‍ നല്‍കിയ ഹർജിയില്‍ പറഞ്ഞിരുന്നു.

ജനുവരിയില്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങള്‍ ലഭിച്ച ശേഷമാണ് നടി തനിക്കെതിരായ പരാതി നല്‍കിയതെന്നും ജാമ്യ ഹർ‍ജിയില്‍ കോടതിയെ അറിയിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ സ്വീകരിച്ച നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam