ദുബായ്: ഈ വർഷത്തെ ഏറ്റവും കടുത്ത ചൂട് കാലം യുഎഇയില്‍ തുടക്കമായിരിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുമെന്നാണ് പ്രവചനം.
കൂടാതെ ജൂലൈ 3 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കുന്ന 'ജംറത്ത് അല്‍ ഖൈത്' എന്ന പ്രതിഭാസത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഉയരും.
കൂടാതെ വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയരാൻ സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ ഓരോ പ്രവാസിയും ഏറെ ശ്രദ്ധിക്കേണ്ട ഒരു കാലാവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്. യുഎഇയിലെ അടുത്ത
40 ദിവസങ്ങള്‍ വരെ അതീവ ചൂടാണ് അനുഭവപ്പെടുക.
കൂടാതെ പകല്‍ സമയങ്ങളില്‍ സാധാരണക്കാരായ തൊഴിലാളികളും പൊതുജനങ്ങളും ആരോഗ്യ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച് വേനല്‍ക്കാലത്തിന്റെ തുടക്കം മുതല്‍ അതീവ ചൂടാണ് അനുഭവപ്പെടുക.
മിഥുനത്തിലെ 'അല്‍ ജൗസ' നക്ഷത്രങ്ങള്‍ പുലർച്ചെ കിഴക്കൻ ചക്രവാളത്തില്‍ ദൃശ്യമാകുന്നതോടെയാണ് ഈ പ്രതിഭാസം ആരംഭിക്കുക. ഇതോടെ അറബ് മേഖലയില്‍ വേനല്‍ക്കാലത്തിന്റെ രണ്ടാം ഘട്ടം സജീവമാകുമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഈ സമയങ്ങളില്‍
കഠിനമായ വരള്‍ച്ച,, ഈർപ്പമില്ലായ്മ, ശക്തമായ വരണ്ട കാറ്റ് എന്നിവയും ഉണ്ടാകും.
കൂടാതെ ഈ ഉഷ്ണതരംഗങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ കൃത്യമായ മുൻകരുതലുകള്‍ സ്വീകരിക്കുക എന്നതാണ് ഇപ്പോള്‍ ഈ കാലാവസ്ഥയില്‍ നിന്ന് രക്ഷപെടാനുള്ള ഏക വഴി. എന്നാല്‍ ഈ കഠിനമായ കാലാവസ്ഥയെ നേരിടാൻ യുഎഇ ഭരണകൂടം സജ്ജമാണെന്നും അതിനായുള്ള മുൻകരുതല്‍ നടപടികള്‍ നടത്തിയതായും അറിയിച്ചു.
യുഎഇ മന്ത്രാലയം നടപ്പിലാക്കുന്ന ഉച്ചസമയ ജോലി വിലക്ക് ജൂണ്‍ 15 മുതല്‍ ആരംഭിച്ചിരുന്നു ഇത് ഇനി സെപ്റ്റംബർ 15 വരെ നീണ്ടു നില്‍ക്കും. ഈ സമയങ്ങളില്‍ എല്ലാ തൊഴിലാളികളും തൊഴില്‍ ഉടമകളും നിയമം കൃത്യമായി തന്നെ പാലിക്കണം. കൂടാതെ തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നടപ്പിലാക്കേണ്ടത് തൊഴില്‍ ഉടമയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയും ഓർമിപ്പിക്കുന്നു.
അതേസമയം അടിയന്തിര സാഹചര്യങ്ങളില്‍ ചെയ്യേണ്ടി വരുന്ന ചില ജോലികള്‍ക്ക് ഈ നിയമത്തില്‍ നിന്നും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം ജോലി ചെയ്യുന്ന തൊഴില്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും വിശ്രമസ്ഥലങ്ങളും കുടിവെള്ളവും മറ്റ് സുരക്ഷാ സംവിധാനങ്ങളും നിർബന്ധമായും ഒരുക്കണം.
കൂടാതെ ഇത്തരം സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും തൊഴില്‍ ഉടമയ്ക്കും ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ വലിയ തുക പിഴ ചുമത്താനും നിയമം വ്യക്തമാകുന്നുണ്ട് അതിനാല്‍ ഈ കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും യുഎഇ മന്ത്രാലയം വ്യക്തമാക്കുന്നു.

